
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ സീറ്റ് (plus one seat) ക്ഷാമം അതിരൂക്ഷം. രണ്ടാം ഘട്ട അലോട്ട്മെൻറ് (second alotment) തീർന്നപ്പോൾ ബാക്കിയുള്ളത് 655 മെറിറ്റ് സീറ്റ് മാത്രമാണ്. എസ്എസ്എൽസിക്ക് എല്ലാറ്റിനും എ പ്ലസ് കിട്ടിയ കുട്ടികൾ പോലും വൻതുക കൊടുത്ത് മാനേജ്മെൻറ് ക്വാട്ടയെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്.
അലോട്ട്മെൻ്റ് തീർന്നാൽ സീറ്റ് മിച്ചം വരുമെന്നായിരുന്നു വിദ്യാഭ്യാസമന്ത്രിയുടെ അവകാശ വാദം. നിയമസഭയിൽ കഴിഞ്ഞ ദിവസം പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചപ്പോഴും അദ്ദേഹം ഇതേ കാര്യമാണ്. എന്നാൽ രണ്ടാം ഘട്ട അലോട്ടമെൻറ് തീർന്നപ്പോൾ മിടുക്കരായവർ ഇപ്പോഴും പുറത്താണ്. പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത് 4,65,219 പേരാണ്. രണ്ട് അലോട്ട്മെൻറ് തീർന്നപ്പോൾ പ്രവേശനം കിട്ടിയത് 2,70188 പേർക്ക്. മെറിറ്റ് സീറ്റിൽ ഇനി ബാക്കിയുള്ളത് 655 സീറ്റ് മാത്രം. കമ്മ്യൂണിറ്റി ക്വാട്ടയിൽ 26,000 സീറ്റ് ഇനിയുണ്ട്. മാനേജ്മെൻറ് ക്വാട്ടയിൽ ഉള്ളത് 45000 സീറ്റ്.
മാനേജ്മെൻറ് ക്വാട്ട പ്രവേശനത്തിന് പക്ഷെ വൻതുക ഫീസ് നൽകേണ്ടി വരും. അല്ലെങ്കിൽ അൺ എയ്ഡഡ് മേഖലയിലേക്ക് കുട്ടികൾക്ക് മാറേണ്ടിവരും. മാനേജ്മെൻ്റ് ക്വാട്ടയും അൺ എയ്ഡഡും ചേർത്താൽപ്പോലും അപേക്ഷിച്ചവർക്ക് മുഴുവൻ സീറ്റ് കിട്ടാത്ത അവസ്ഥയാണ്. അൺ എയ്ഡഡിൽ സർക്കാർ-എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾ വലിയ താല്പര്യം കാട്ടാറില്ല. കഴിഞ്ഞവർഷം തന്നെ ഈ മേഖലയിൽ 20,000 ത്തോളം സീറ്റുകൾ ഒഴിവുണ്ടായിരുന്നു. സാമ്പത്തിക സ്ഥിതി പറഞ്ഞ് പുതിയ ബാച്ചില്ലെന്ന് സർക്കാർ ആവർത്തിച്ചു വ്യക്തമാക്കിയതാണ്. പുതിയ സാഹചര്യത്തിൽ ഇനിയും സീറ്റ് കൂട്ടുമോ എന്ന് വ്യക്തമല്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam