മുഖ്യമന്ത്രിയുടെ ചോദ്യം, ഇന്ത്യയുടെ പരമാധികാരം ട്രംപിന്‍റെ കാൽക്കീഴിൽ വെച്ചോ? മോദി-നെതന്യാഹു കെട്ടിപ്പിടിത്തം യാദൃശ്ചികമല്ല, രൂക്ഷവിമർശനം

Published : Mar 08, 2026, 11:56 PM IST
pinarayi vijayan

Synopsis

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷവിമർശനം ഉന്നയിച്ചു. അമേരിക്കൻ, ഇസ്രായേൽ സാമ്രാജ്യത്വത്തിന് മുന്നിൽ ഇന്ത്യയുടെ പരമാധികാരം പണയം വെച്ചുവെന്നും, മോദി-നെതന്യാഹു ബന്ധം ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രൂക്ഷ വിമർശനം. അമേരിക്കയുടെയും ഇസ്രായേലിന്റെയും സാമ്രാജ്യത്വ അധിനിവേശങ്ങൾക്ക് മുന്നിൽ കേന്ദ്ര സർക്കാർ ഇന്ത്യയുടെ പരമാധികാരം പണയം വെച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ പരമാധികാരം അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ കാൽക്കീഴീൽ വച്ചോ എന്ന ചോദ്യവും പിണറായി ഉയർത്തി. ഇറാന്റെ മേൽ അമേരിക്കയും ഇസ്രായേലും ആക്രമണം നടത്തിയപ്പോൾ ഒരക്ഷരം പോലും മിണ്ടാൻ കഴിയാത്ത അവസ്ഥയിലേക്ക് ഇന്ത്യ തരംതാഴ്ന്നുവെന്നും, ലോകത്തിന് മുന്നിൽ രാജ്യം അപമാനിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. തങ്ങൾക്ക് കീഴടങ്ങാത്ത രാജ്യങ്ങളെ തകർക്കുക എന്ന വന്യമൃഗ നീതിയാണ് അമേരിക്ക നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം പുത്തരിക്കണ്ടത്ത് എൽ ഡി എഫ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ സമ്മേളനത്തിൽ സംസാരിക്കവേയായിരുന്നു പിണറായിയുടെ വിമർശനം

മോദി-നെതന്യാഹു കെട്ടിപ്പിടിത്തം യാദൃശ്ചികമല്ല

ഇസ്രായേൽ ആക്രമണത്തിന് തൊട്ടുമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി നെതന്യാഹുവിനെ കെട്ടിപ്പിടിച്ചത് യാദൃശ്ചികമല്ലെന്നും, അത് ഇന്ത്യ ഇസ്രായേലിനൊപ്പമാണ് എന്ന തെറ്റായ സന്ദേശമാണ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സയനിസ്റ്റുകളും ആർഎസ്എസുകാരും ഒരേ മനോഭാവമുള്ള ഇരട്ടപെറ്റ മക്കളെപ്പോലെയാണ് പെരുമാറുന്നത്. സാമ്രാജ്യത്വ വിരുദ്ധ നിലപാടും ചേരിചേരാ നയവുമായിരുന്നു ഒരുകാലത്ത് ഇന്ത്യയുടെ കരുത്ത്. എന്നാൽ ഇന്ന് റഷ്യൻ എണ്ണ വാങ്ങാൻ പോലും അമേരിക്കയുടെ അനുമതിക്കായി കാത്തുനിൽക്കുന്ന ഗതികേടിലാണ് രാജ്യം. ശ്രീലങ്കൻ തീരത്ത് അമേരിക്കൻ കപ്പൽ ആക്രമണം നടത്തിയപ്പോഴും കേന്ദ്രം നിശബ്ദത പാലിച്ചുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ലോകത്തെ എണ്ണ ഉത്പാദനം സ്വന്തം നിയന്ത്രണത്തിലാക്കാൻ എന്ത് ക്രൂരതയും കാണിക്കുന്ന അമേരിക്കൻ പ്രസിഡന്റിന്റെ മാനസികാവസ്ഥ അപക്വമാണെന്ന് പിണറായി വിജയൻ പരിഹസിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാന് ആയുധവും പരിശീലനവും നൽകി വളർത്തിയത് അമേരിക്കയാണെന്നും, ഇപ്പോൾ ഐക്യരാഷ്ട്രസഭ പോലും അമേരിക്കയ്ക്ക് മുന്നിൽ നിസ്സഹായാവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര മര്യാദകൾ ലംഘിക്കുന്ന ഇത്തരം നീക്കങ്ങളെ തള്ളിപ്പറയാൻ ഇന്ത്യ തയ്യാറാകണമെന്നും രാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കണമെന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്ത്രിയുടെ ഭാര്യയെ ആക്രമിച്ചു, മൊബൈൽ പിടിച്ചുവാങ്ങാൻ ശ്രമിച്ചു'; വ്യക്തമായ ധാരണയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റിട്ടതെന്ന് യദുകൃഷ്ണൻ
ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ചു; രണ്ട് പേർക്കെതിരെ കേസെടുത്ത് റെയിൽവേ പൊലീസ്