
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരത്തിലേറുന്ന പിണറായി വിജയന് അഭിനന്ദനങ്ങൾ എന്നാണ് മോദി ട്വീറ്റ് ചെയ്തത്.
തന്റെ പ്രിയപ്പെട്ട സഖാവ് എന്ന് വിശേഷിപ്പിച്ചാണ് നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ പിണറായി വിജയന് ആശംസകൾ അറിയിച്ചത്. "പ്രിയ സഖാവ് പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി രണ്ടാം തവണയും അധികാരമേൽക്കുകയാണ്. സത്യസന്ധതയും മികവുറ്റ ഭരണശേഷിയും കൊണ്ട് ഏത് പ്രതിസന്ധികളെയും മറികടക്കാമെന്ന് തെളിയിക്കുന്ന അഗ്രഗാമിയും വഴികാട്ടിയുമാണ് അദ്ദേഹം"- കമൽഹാസൻ ട്വീറ്റ് ചെയ്തു.ഫോണിൽ വിളിച്ച് പിണറായി വിജയനെ ആശംസകൾ അറിയിച്ചെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.
സഹോദരൻ പിണറായി വിജയന് ആശസംകൾ എന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ട്വീറ്റ് ചെയ്തത്. "കേരളാ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന സഹോദരൻ പിണറായി വിജയന് ആശംസകൾ. അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും സ്ഥിരോത്സാഹവും സാമൂഹിക സമത്വത്തിനും ജനങ്ങളുടെ സമാധാനത്തിനും സമൃദ്ധിക്കും വഴിവെക്കുമെന്ന് പ്രത്യാശിക്കുന്നു''. സ്റ്റാലിൻ ട്വീറ്റിൽ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam