ഇന്ത്യ-ബംഗ്ലാദേശ് ബന്ധം അയല്‍സൗഹൃദത്തിന്‍റെ ലോകമാതൃകയെന്ന് മോദി; ബംഗ്ലാദേശില്‍ നിന്ന് എൽപിജി ഇറക്കുമതി ചെയ്യും

By Web TeamFirst Published Oct 5, 2019, 3:24 PM IST
Highlights

ശക്തമായ ഉഭയകക്ഷിബന്ധത്തിലൂടെ ലക്ഷ്യമിടുന്നത് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സന്തോഷവും പുരോഗതിയുമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും ബംഗ്ലാദേശും 12 സംയുക്തപദ്ധതികള്‍ ആരംഭിച്ചതായും മോദി.

ദില്ലി: ഇന്ത്യ-ബംഗ്ലാദേശ് ബന്ധം അയല്‍രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദത്തിന്‍റെ ലോകമാതൃകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ശക്തമായ ഉഭയകക്ഷിബന്ധത്തിലൂടെ ലക്ഷ്യമിടുന്നത് ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ സന്തോഷവും പുരോഗതിയുമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയും ബംഗ്ലാദേശും 12 സംയുക്തപദ്ധതികള്‍ ആരംഭിച്ചതായും മോദി പറഞ്ഞു. ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്ക് എൽപിജി ഇറക്കുമതിക്കുള്ള പദ്ധതി മോദി ഉദ്ഘാടനം ചെയ്തു.

ജമ്മുകശ്മീര്‍ വിഷയം പരാമര്‍ശിക്കാതെയായിരുന്നു മോദിയുടെയും ഷെയ്ഖ് ഹസീനയുടെയും കൂടിക്കാഴ്ച്ച. പ്രതിരോധം, സുരക്ഷ, വ്യാപാരം, സാമ്പത്തികം തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും ഇരുവരും ചര്‍ച്ച നടത്തിയത്. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് പര്യാപ്തമായ പുതിയ പദ്ധതികളെക്കുറിച്ചും ചര്‍ച്ച നടന്നു.

Read Also: 'ഇങ്ങനെ ചെയ്യുന്നതിന് മുമ്പ് അറിയിപ്പ് നല്‍കാം'; ഇന്ത്യയോട് ഷെയ്ഖ് ഹസീന

മൂന്ന് പുതിയ സംയുക്ത പദ്ധതികള്‍ക്കുള്ള കരാറിലാണ് ഇന്ത്യയും ബംഗ്ലാദേശും ഇന്ന് ഒപ്പുവച്ചത്. പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. ബംഗ്ളാദേശിൽ നിന്ന് ഇന്ത്യയിലേക്ക് എൽപിജി ഇറക്കുമതിക്കുള്ള പദ്ധതി വളരെയധികം പ്രയോജനം ചെയ്യുന്നതാണ്. പരിസ്ഥിതി സൗഹൃദവും ഏതു കാലാവസ്ഥയിലും അനുയോജ്യമായതും വര്‍ഷം മുഴുവന്‍ ആശ്രയിക്കാന്‍ കഴിയുന്നതുമായ പൈപ്പ്ലൈന്‍ പദ്ധതിയാണിതെന്നും മോദി അഭിപ്രായപ്പെട്ടു. ധാക്കയിലെ രാമകൃഷ്ണ മിഷനിൽ ഇന്ത്യ നിർമ്മിക്കുന്ന വിവേകാനന്ദ ഭവന് മോദി തറക്കല്ലിടുകയും ചെയ്തു.

നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്. ദില്ലിയില്‍ വേള്‍ഡ് എക്കണോമിക് ഫോറം സംഘടിപ്പിക്കുന്ന ഇന്ത്യ എക്കണോമിക് ഫോറം പരിപാടിയിലും അവര്‍ പങ്കെടുക്കും. പരിപാടിയില്‍ മുഖ്യാതിഥിയാണ് ഹസീന. 

Read Also: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിൽ ആശങ്കയില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി

click me!