ദില്ലി: അസമിലെ ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് ആശങ്കയില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. യുഎൻ ജനറൽ അസംബ്ലിയിൽ വച്ച് എൻആർസിയിൽ ബം​ഗ്ലാദേശ് ആശങ്കപ്പെടേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിരുന്നതായും ഹസീന പറഞ്ഞു. നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു ഷെയ്ഖ് ഹസീന.

ദില്ലയില്‍ വച്ച് നാളെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കൂടാതെ ദില്ലിയിൽ വച്ച് നടക്കുന്ന വേള്‍ഡ് എക്കണോമിക് ഫോറം സംഘടിപ്പിക്കുന്ന ഇന്ത്യ ഇക്കണോമിക് ഫോറം പരിപാടിയിലും ഹസീന പങ്കെടുക്കും. പരിപാടിയിലെ മുഖ്യാഥിതിയാണ് ഹസീന. ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം ഹസീന നടത്തുന്ന ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണിത്. അതേസമയം, ജമ്മു കശ്മീർ വിഷയം സംസാരിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഷെയ്ക് ഹസീനയെ ഫോണിൽ വിളിച്ചുവെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ഹസീനയുടെ മാധ്യമ സെക്രട്ടറി ഇഹ്സാനുൽ കരീം സ്ഥിരീകരിച്ചിട്ടുണ്ട്.

അസമിൽ താമസിക്കുന്നവരിൽ എത്ര പേർക്ക് ഔദ്യോഗികമായി ഇന്ത്യൻ പൗരത്വമുണ്ടെന്ന് തെളിയിക്കുന്നതാണ് പൗരത്വ റജിസ്റ്റർ. ഓഗസ്റ്റ് 31നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക ഓണ്‍ലൈന്‍ വഴി കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നത്. മൂന്ന് കോടി 11 ലക്ഷം ആളുകള്‍ പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടുകയും 19 ലക്ഷത്തിലധികം ആളുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷമാണ് പൗരത്വ രജിസ്റ്ററിന്‍റെ ആദ്യരൂപം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടത്. അന്ന് 41 ലക്ഷം ആളുകളുടെ പേരുകളാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. ഈ പട്ടിക പുനഃപരിശോധിച്ചതിന് ശേഷമാണ് രണ്ടാംഘട്ട പട്ടിക പുറത്തിറക്കിയത്. എൻആർസി പട്ടികയനുസരിച്ച് പേരില്ലാത്തവർക്ക് അപ്പീൽ നൽകാനുള്ള അവസരം നൽകുമെന്ന് കേന്ദ്ര ആഭ്യന്തമന്ത്രാലയം അറിയിച്ചിരുന്നു.

Read More: ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; 19 ലക്ഷം ജനങ്ങള്‍ പുറത്ത്, അസമില്‍ കനത്ത സുരക്ഷ

 2013-ലാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കാനുള്ള നടപടികള്‍ സർക്കാർ ആരംഭിച്ചത്. അസം അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെയാണ് ദേശീയ പൗരത്വ രജിസ്റ്റർ പുതുക്കി പ്രസിദ്ധീകരിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. 2018 ജൂലായ് 30ന് പ്രസിദ്ധീകരിച്ച ആദ്യ കരട് പട്ടികയില്‍ നിന്ന് അനേകം പേര്‍ പുറത്തായിരുന്നു. ഇതിനെ തുടർന്ന് വലിയ പ്രതിഷേധമാണ് അസമിലുടനീളം അരങ്ങേറിയത്. തുടര്‍ന്ന് 2019 ജൂണ്‍ 26 ന് വീണ്ടും കരട് പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഒരു ലക്ഷത്തോളം പേര്‍ ഈ പട്ടികയിലും പുറത്തായതായി കണ്ടെത്തിയിരുന്നു. 

ഇതിനിടെ അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കൃത്യമായ പൗരത്വ രേഖകളുള്ളവരെ മാത്രമേ രാജ്യത്തെ പൗരൻമാരായി അംഗീകരിക്കൂകയുള്ളുവെന്നും രാജ്യത്തെ എല്ലാ പൗരൻമാരുടെയും വിവരങ്ങളടങ്ങിയ സമഗ്രമായ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ സർക്കാർ ലക്ഷ്യമിടുന്നുവെന്നും അമിത് ഷാ പറഞ്ഞിരുന്നു. റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം സംഘടിപ്പിച്ച 'ഹിന്ദുസ്ഥാൻ പൂർവോദയ 2019' എന്ന സ്വകാര്യ പരിപാടിയിലായിരുന്നു അമിത് ഷായുടെ പ്രഖ്യാപനം. 

Read More: അസമിൽ മാത്രമല്ല, രാജ്യത്തെമ്പാടും പൗരത്വരജിസ്റ്റർ നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ