ദില്ലി: കുതിച്ചുകയറുന്ന ഉള്ളിവില നിയന്ത്രിക്കാനായി ഇന്ത്യ  ഉള്ളിക്കയറ്റുമതി നിരോധിച്ചിരുന്നു. കിലോയ്ക്ക് 80 രൂപ വരെയെത്തിയ ഉള്ളിവില നിയന്ത്രിക്കാൻ വിപണിയിൽ ഉള്ളിയുടെ ലഭ്യത കൂട്ടാതെ വേറെ വഴിയില്ലെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഉള്ളിക്കയറ്റുമതി നിരോധിച്ചത്. ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് ഉള്ളിവിലക്കയറ്റത്തിൽ ജനങ്ങൾ വലഞ്ഞതോടെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

ഇപ്പോള്‍ ഇന്ത്യയുടെ ഉള്ളിക്കയറ്റുമതി നിരോധിക്കാനുള്ള പെട്ടെന്നുള്ള തീരുമാനം തങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് വ്യക്തമാക്കുകയാണ് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. എന്തിനാണ് നിങ്ങള്‍ ഉള്ളി കയറ്റുമതി നിരോധിച്ചതെന്ന് അറിയില്ല. എന്തായാലും ഇപ്പോള്‍ ഭക്ഷണമുണ്ടാക്കുമ്പോള്‍ ഉള്ളി ഉപയോഗിക്കണ്ട എന്ന് തനിക്കായി പാചനം ചെയ്യുന്നയാളോട് പറഞ്ഞിരിക്കുകയാണ്.

ഇങ്ങനെയുള്ള കാര്യങ്ങള്‍ വരുമ്പോള്‍ മുന്‍കൂട്ടി പറഞ്ഞാല്‍ അത് സഹായകമാകും. പെട്ടെന്ന് നിങ്ങള്‍ കയറ്റുമതി നിരോധിച്ചപ്പോള്‍ പ്രശ്നങ്ങള്‍ വന്നത് ഞങ്ങള്‍ക്കാണ്. ഭാവിയില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമ്പോള്‍ നേരത്തെ അറിയിച്ചാല്‍ സഹായകമാകുമെന്നും ഹസീന പറഞ്ഞു. ദില്ലിയില്‍ ഇന്ത്യ ബംഗ്ലാദേശ് ബിസിനസ് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ബംഗ്ലാദേശ് പ്രധാനമന്ത്രി.