
കൊച്ചി: ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിപിസിഎൽ പ്ലാൻ്റ് അടക്കമുള്ള വികസന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറുമടക്കമുള്ളവരെ സാക്ഷി നിര്‍ത്തിയാണ് പ്രധാനമന്ത്രി വിവിധ വികസന പദ്ധതികള്‍ കൊച്ചിയിൽ സമര്‍പ്പിച്ചത്. ബിപിസിഎൽ, കൊച്ചിൻ റിഫൈനറീസ്, കൊച്ചി തുറമുഖം എന്നിവിടങ്ങളിൽ നടപ്പാക്കുന്ന 6100 കോടിയുടെ വികസനപദ്ധതികളാണ് മോദി ഉദ്ഘാടനം ചെയ്തത്.
നേരത്തെ കൊച്ചി നാവികസേന വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ സംസ്ഥാന സർക്കാറിന് വേണ്ടി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് സ്വീകരിച്ചു. വികസന പദ്ധതികളുടെ ഉദ്ഘാടന ശേഷം മോദി ബിജെപി കോർ കമ്മിറ്റി യോഗത്തിലും പങ്കെടുത്ത ശേഷമാകും മടങ്ങുക.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ശോഭാ സുരേന്ദ്രനും വിമാനത്താവളത്തില്‍ എത്തിയിരുന്നു. വൈസ് അഡ്മിറല്‍ എ.കെ ചൗള, കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. എം. അനില്‍കുമാര്‍, അഡീഷണല്‍ ചീഫ് സ്‌ക്രട്ടറി സത്യജിത് രാജന്‍, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ എസ്.സുഹാസ്, ജില്ലാ പോലീസ് മേധാവി നാഗരാജു ചക്കിലം, കമാന്‍ഡര്‍ വി.ബി ബെല്ലാരി, തുഷാര്‍ വെള്ളാപ്പള്ളി, ഡോ. കെ.എസ് രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ചന്ദ്രശേഖരന്‍, മഹബൂബ്, കെ.എസ് ഷൈജു, പ്രിയ പ്രശാന്ത്, അഡ്വ. ഒ.എം ശാലീന, പദ്മകുമാരി ടി എന്നിവരും സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
അതിവേഗം വളരുന്ന കൊച്ചി നഗരത്തിന്‍റെ സ്ഥാനം രാജ്യാന്തര ഭൂപടത്തിൽ ഊട്ടി ഉറപ്പിക്കുന്ന വിവിധ പദ്ധതികൾക്കാണ് ഇന്ന് തുടക്കമായത്. ബിപിസിഎൽ കൊച്ചിൻ റിഫൈനറിയിലെ 6000 കോടി രൂപയുടെ പെട്രോളിയം ഡിറവേറ്റീവ് പെട്രോ കെമിക്കൽ പദ്ധതിയാണ് വ്യവസായ മേഖല പ്രതീക്ഷയോടെ കാണുന്നത്. നിലവിൽ രാജ്യം ഇറക്കുമതി ചെയ്യുന്ന നിഷ് പെട്രോ കെമിക്കലുകൾ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ആദ്യ കമ്പനിയാകും ഇനി കൊച്ചിൻ റിഫൈനറീസ്. പെയിന്‍റ് മുതൽ ഡിറ്റർജെന്‍റ് നിർമ്മാണത്തിന് വേണ്ടിയുള്ള പലതരം അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ഒഴിവാക്കാൻ കഴിയുന്നതോടെ നിക്ഷേപ സാധ്യതക്കും സംസ്ഥാനത്ത് വഴിതെളിയും. കിൻഫ്രയുടെ നിർദ്ദിഷ്ട പെട്രോകെമിക്കൽ പാർക്കിനും ഇത് നേട്ടമാകും.
420 മീറ്റർ വരെ നീളമുള്ള വമ്പൻ കപ്പലുകളും ഇനി മുതൽ കൊച്ചിയിൽ തീരമടുപ്പിക്കാം. നിലവിലെ 250മീറ്റർ നീളമുള്ള ക്രൂസ് കപ്പലുകൾക്ക് പകരം 25.72 കോടി രൂപ ചിലവിട്ട് അന്താരാഷ്ട്ര നിലവാരത്തിൽ ടെർമിനൽ വിപുലപ്പെടുത്തിയതോടെ കൂടുതൽ വിദേശ സഞ്ചാരികളും കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷ. കൊച്ചിൻ ഷിപ്പ് യാർഡിൽ 27.5 കോടി രൂപ ചിലവിട്ടാണ് നോളജ് ആന്‍റ് സ്കിൽ ഡെവല്പ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിന് തുടക്കമിടുന്നത്. തുറമുഖ ജെട്ടിയുടെ നവീകരണം, റോ റോ വെസലിന്‍റെ ഔദ്യോഗിക ഉദ്ഘാടനവും മോദി നിര്‍വ്വഹിച്ചു. അമ്പലമേട് സ്കൂൾ ഗ്രൗണ്ടിലെ ചടങ്ങിന് ശേഷം വൈകീട്ട് 5.55ന് നരേന്ദ്ര മോദി ദില്ലിക്ക് മടങ്ങും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam