
കോഴിക്കോട്: പി എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന യു ഡി എഫ് തീരുമാനത്തിൽ വിശദീകരണവുമായി വിദ്യാഭ്യാസമന്ത്രി എൻ ഷംസുദീൻ രംഗത്ത്. പി എം ശ്രീയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോയാലും പദ്ധതിയിലൂടെ ഒരു വർഗീയ അജണ്ടയും കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കേരള സിലബസ് മാത്രമേ കേരളത്തിലെ വിദ്യാലയങ്ങളിൽ പഠിപ്പിക്കൂ എന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ എൽ ഡി എഫ് സർക്കാർ വരുത്തിവെച്ച പ്രതിസന്ധിയാണ് പി എം ശ്രീ കരാറെന്നും സംസ്ഥാന സർക്കാറിന് ഏകപക്ഷീയമായി ഇതിൽ നിന്നും പിന്മാറാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി നടപ്പിലാക്കില്ലെന്ന യു ഡി എഫ് നേതാക്കളുടെ തെരഞ്ഞെടുപ്പിന് മുന്നത്തെ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന്, ഏതെങ്കിലും പ്രസംഗമോ പ്രയോഗമോ വെച്ച് വിഷയത്തെ സെൻസേഷൻ ചെയ്യേണ്ടതില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്തിന് പരിക്കില്ലാത്ത രീതിയിൽ എങ്ങനെ പദ്ധതി നടപ്പിലാക്കാം എന്നാണ് സർക്കാർ ആലോചിക്കുന്നത്. ഒരു ബ്ലോക്കിൽ രണ്ട് സ്കൂളുകൾ എന്ന കണക്കിൽ 304 സ്കൂളുകളാണ് പദ്ധതിയിൽ വരേണ്ടതെങ്കിലും 265 സ്കൂളുകൾ തിരഞ്ഞെടുക്കാനാണ് കേന്ദ്രത്തിന്റെ പുതിയ ആശയവിനിമയത്തിൽ അറിയിച്ചിട്ടുള്ളത്. വിഷയം പഠിക്കാൻ നിയോഗിച്ച ഉപസമിതി ഉടൻ തന്നെ യോഗം ചേരുമെന്നും അതിനുശേഷമാകും അന്തിമ തീരുമാനങ്ങളിലേക്ക് കടക്കുകയെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
അതേസമയം പി എം ശ്രീയുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ സർക്കാരിനെതിര രൂക്ഷവിമർശനവുമായി മുൻ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി രാജീവും രംഗത്തെത്തി. അധികാരത്തിൽ വന്നാൽ പി എം ശ്രീ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് തിരഞ്ഞെടുപ്പിൽ പ്രഖ്യാപിച്ചവർക്ക് അത് നടത്തിക്കാണിക്കണമെന്ന് രാജീവ് വെല്ലുവിളിച്ചു. വാഗ്ദാനം നൽകാൻ മാത്രമല്ല ഭരിക്കാനുള്ള നട്ടെല്ലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. എൽ ഡി എഫ് സർക്കാർ ഒരു മെമ്മോറണ്ടത്തിൽ മാത്രമാണ് ഒപ്പുവെച്ചിരുന്നതെന്നും പിന്നീട് ഭരണതലത്തിൽ ആ നടപടികൾ നിത്തിവെക്കുകയാണുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി എം ശ്രീയിൽ ഒപ്പുവെച്ചതുകൊണ്ട് ഫണ്ടൊന്നും ലഭിച്ചിട്ടില്ലെന്നും വിഷയത്തിൽ മന്ത്രിസഭാ തീരുമാനം ഉണ്ടായിരുന്നില്ലെന്നും പി രാജീവ് വ്യക്തമാക്കി. എസ് എസ് കെ. ഫണ്ട് ലഭ്യമാക്കാൻ ക്യാബിനറ്റിന്റെ അനുമതിയില്ലാതെ ഏതെങ്കിലും സെക്രട്ടറി ഒപ്പുവെച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. എൽ ഡി എഫ് സർക്കാർ ചെയ്തതുപോലെ പദ്ധതി നിർത്തിവെക്കാൻ യു ഡി എഫും തയ്യാറാകണമെന്നും രാജീവ് ആവശ്യപ്പെട്ടു. ബി ജെ പിക്ക് അനുകൂലമായി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam