പ്രമുഖ കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ പൈങ്ങോട്ടൂരിലെ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ മോഷണം നടന്നു. വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്ത വയറുകളാണ് മോഷണം പോയത്. സംഭവത്തിൽ പോത്താനിക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊച്ചി: പ്രമുഖ കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടന്റെ വീട്ടിൽ മോഷണം നടന്നതായി പരാതി. പൈങ്ങോട്ടൂരിൽ നിർമ്മാണത്തിൽ ഇരിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ ഇലക്ട്രിക് ബോർഡിലേക്ക് കണക്ട് ചെയ്ത വയറുകളാണ് മോഷണം പോയത്. ഞായറാഴ്ച നടന്ന സംഭവത്തിൽ പോത്താനിക്കാട് പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന ഒരാളെ പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
സംഭവത്തിൽ ഇതുവരെ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു. സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 6:30-നും 7:00-നും ഇടയിലാണ് മോഷണം നടന്നത്. ഏകദേശം 50,000 രൂപ വിലമതിക്കുന്ന ഇലക്ട്രിക് വയറുകളാണ് മോഷണം പോയതെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരിക്കുന്നത്. സംഭവത്തിൽ ഫ്രെഡി എൽദോസ് (32) എന്നയാളാണ് പൊലീസിന് പരാതി നൽകിയത്. ബിഎൻഎസ്എസ് സെക്ഷൻ 329(3), 305(a) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മോഷ്‌ടാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പോത്താനിക്കാട് പൊലീസ്. സബ് ഇൻസ്പെക്ടർ സി.ആർ രഞ്ചുമോളാണ് കേസ് അന്വേഷിക്കുന്നത്.


