
മലപ്പുറം : കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതെന്ന് ഓർമ്മിക്കണമെന്ന് കോൺഗ്രസ് നേതാക്കളെ പിഎംഎ സലാം ഓർമ്മിപ്പിച്ചു. അധ്യക്ഷ പദവിയിലെ കെ സുധാകരന്റെ അതൃപ്തിയും കെപിസിസി പുനസംഘടനയിലെ കോൺഗ്രസ് നേതാക്കളുടെ അതൃപ്തിയുമായും ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിനെ ഭദ്രമാക്കാൻ എല്ലാ കക്ഷികളും ശ്രമിക്കണം. തെരഞ്ഞെടുപ്പ് വർഷമാണ് മുന്നിലുള്ളതെന്ന് എല്ലാ നേതാക്കളും ഓർക്കണം. അത് ലീഗ് ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും ഉത്തരവാദിത്വമാണ്. അക്കാര്യം എല്ലാ പാർട്ടികളെയും ഓർമ്മിപ്പിക്കുകയാണ്. വലിയ പ്രതിസന്ധി കോൺഗ്രസിലുണ്ടെന്ന് കരുതുന്നില്ല. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പരിഹരിക്കുമെന്ന് വിശ്വസിക്കുന്നുവെന്നും പിഎംഎ സലാം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയിരുന്നു. കൂടിയാലോചന ഇല്ലാതെ യുഡിഎഫ് കൺവീനറെ മാറ്റിയെന്നാണ് ചില നേതാക്കളുടെ വിമർശനം. കെസി വേണുഗോപാൽ ഇഷ്ടക്കാരെ ഭാരവാഹികളാക്കിയെന്നും പരാതിയുണ്ട്. കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്നടക്കം കെ സുധാകരനും തുറന്നടിച്ചിരുന്നു. എന്നാൽ ചർച്ച നടത്തിയില്ലെന്ന സുധാകരന്റെ വാദം എഐസിസി വൃത്തങ്ങൾ തള്ളി. അധ്യക്ഷ പദവിയിലെ മാറ്റം സംബന്ധിച്ച് രണ്ട് തവണ സുധാകരനുമായി സംസാരിച്ചെന്നാണ് എഐസിസി വൃത്തങ്ങൾ വിശദീകരിക്കുന്നത്.