
തൃശൂർ: തൃശൂരിൽ നിന്ന് വിദേശത്തേക്ക് കടന്ന പോക്സോ കേസ് പ്രതി പിടിയിൽ. കൂളിമുട്ടം നെടുംപറമ്പ് സ്വദേശി അബു താഹിറി(24)നെ ഉത്തർപ്രദേശിലെ ഗോരഖ്‌പൂറിൽ നിന്നാണ് തൃശ്ശൂർ മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് നിന്ന് നേപ്പാൾ വഴി രഹസ്യമായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചതായിരുന്നു.
മതിലകം പൊലീസ് സ്റ്റേഷനിൽ 2 പോക്സോ കേസുകളിൽ പ്രതിയായ അബു താഹിർ സംഭവത്തിനു ശേഷം യു.എ.ഇ യിലേക്ക് കടക്കുകയായിരുന്നു. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവെച്ചിരുന്നു. ഇന്ത്യയിലേക്ക് തിരികെ കടക്കാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിലുള്ള കർശന സുരക്ഷാ പരിശോധനയിലാണ് എൽ.ഒ.സി നിലവിലുള്ള വിവരം അറിഞ്ഞത്. തുടർന്ന് സുരക്ഷാ ഉദ്യോസ്ഥർ തടഞ്ഞ് വച്ചു. കേരളത്തിൽ നിന്നുള്ള പൊലീസ് സംഘം ഗോരഖ്‌പൂറിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നാട്ടിലെത്തിച്ച പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. ഇയാളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.