
തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവിനെതിരെ പോക്സോ കേസെടുത്തതോടെ വെട്ടിലായി വിവാഹത്തിന് കാർമികത്വം വഹിച്ച സിപിഎം നേതാക്കള്‍. റിയൽ കേരള സ്റ്റോറി എന്ന് പറഞ്ഞ് അന്ന് വിവാഹത്തിന് നേതൃത്വം നൽകിയ സിപിഎം സംസ്ഥാന സെക്രട്ടറിയും മന്ത്രി ശിവൻകുട്ടിയും എംപി റഹീമും ഇപ്പോൾ മിണ്ടുന്നില്ല. അതേസമയം, വിവാഹ സമയത്ത് യുവതിയുടെ ഭർത്താവ് പൊലീസിന് മുന്നിൽ ഹാജരാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന് തെളിഞ്ഞു. ഈ സർട്ടിഫിക്കറ്റ് പ്രകാരം പെൺകുട്ടിയ്ക്ക് പ്രായപൂർത്തിയായിരുന്നു. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയ്ക്ക് വിവാഹ സമയത്ത് 16 വയസ് മാത്രമായിരുന്നു പ്രായമെന്ന് കണ്ടെത്തിയത്. കമ്മീഷൻ അന്വേഷണത്തിൽ കണ്ടെത്തിയ ജനന സർട്ടിഫിക്കറ്റിൽ 2009 ഡിസംബർ 30 ആണ് പെണ്‍കുട്ടിയുടെ ജനനത്തീയതി. രണ്ട് സർട്ടിഫിക്കറ്റുകളും ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ്റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചെന്നാണ് ദേശീയ പട്ടികവർഗ കമ്മീഷൻ്റെ കണ്ടെത്തല്‍. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. ഇതോടെയാണ് ഫർമാൻ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തിൽ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.
സിപിഎം നേതാക്കളായിരുന്നു കുംഭമേള വൈറൽ താരത്തിന്റെ കല്യാണവാർത്ത അറിഞ്ഞ് ആദ്യം അന്ന് ഓടിയെത്തിയത്. സർക്കാറിന്‍റെയും സിപിഎമ്മിന്റെയും പേരിൽ ആശംസകൾ നേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, എ എ റഹീം എം പി തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തിരുന്നു. ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന് നേതാക്കൾ വാനോളം പുകഴ്ത്തുകയും ചെയ്തു. പോക്സോ കേസായതോടെ അന്ന് രക്തഹാരവും ബൊക്കയും ഒക്കെ സമ്മാനിച്ച നേതാക്കൾ മിണ്ടുന്നില്ല. രണ്ട് പേർ വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ രേഖകൾ നോക്കേണ്ടതില്ലല്ലോ എന്ന വാദവും ഉയരുന്നുണ്ട്. തിരുവനന്തപുരത്തെ സിനിമാ ലോക്കേഷനിൽ നിന്ന് വൈറൽ താരത്തെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ പിതാവ് ശ്രമിച്ചതോടെയാണ് തമ്പാനൂർ പൊലീസിന്റെ പരിഗണനയിലേക്ക് വിഷയം വന്നത്. അന്ന് പൊലീസിന് പിതാവ് നൽകിയ ജനന സർട്ടിഫിക്കറ്റും ആധാറും പ്രകാരം ജനനം 2008, ജനുവരി 1നാണ്. രേഖകൾ പ്രകാരം പ്രായപൂർത്തിയായതിനാലും ആരും തർക്കം ഉന്നയിക്കാതിരുന്നതിനാലും കൂടുതൽ പരിശോധന നടത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ നോട്ടീസ് കിട്ടിയില്ലെന്ന് ഡിജിപി അറിയിച്ചു. പോക്സോ കേസായതോടെ ക്രെഡിറ്റിനായി കാർമ്മികത്വം വഹിച്ച നേതാക്കളും മധ്യപ്രദേശ് പൊലീസിന് മുന്നിൽ കാര്യങ്ങൾ വിശദീകരിക്കേണ്ടി വരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam