
ഇടുക്കി: തൊടുപുഴയിൽ ഒമ്പത് വയസുകാരിയെ ലൈംഗിക പീഡനത്തിന് ( Rape) ഇരയാക്കിയ അച്ഛനെ 15 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി (Court Verdict). തൊടുപുഴ സ്വദേശിയായ 41 കാരനെയാണ് കോടതി ശിക്ഷിച്ചത്. 2014ലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയുടെ അമ്മ ജോലിക്ക് പോയപ്പോഴും സഹോദരൻ കളിക്കാൻ പോയപ്പോഴും പെൺകുട്ടിയെ അച്ഛൻ പീഡിപ്പിച്ചുവെന്നാണ് കേസ്. 2014 മെയ് 24നും അതിന് മുമ്പുമായി നിരവധി തവണ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കി. ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടി അമ്മയോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
തടവ് ശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടിയായതിനാൽ ബലാത്സംഗത്തിന് പത്ത് വർഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ആവർത്തിച്ചുള്ള കുറ്റകൃത്യത്തിന് പത്ത് വർഷം തടവും അമ്പതിനായിരം രൂപയും, പ്രതി കുട്ടിയുടെ രക്ഷകർത്താവായതിനാൽ 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. അങ്ങനെ ആകെ 35 വർഷം തടവും രണ്ട് ലക്ഷം രൂപ പിഴയും, ഇങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ പതിനഞ്ചു വർഷം ഇയാൾ ജയിൽവാസം അനുഭവിക്കണം.
കുട്ടിക്ക് സർക്കാരിൻ്റെ കോമ്പൻസേഷൻ ഫണ്ടിൽ 5 ലക്ഷം രൂപ ലഭ്യമാക്കാൻ ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകി. കുട്ടി പരാതിപ്പെട്തിന് പിന്നാലെ അമ്മ തൊടുപുഴ വനിതാ ഹെൽപ്പലൈനിനെ സമീപിക്കുകയായിരുന്നു. പിന്നാലെ വനിതാ ഹെൽപ്പ്ലൈൻ സബ് ഇൻസ്പെക്ടർ മൊഴി രേഖപ്പെടുത്തി കേസെടുത്തു. കുട്ടിയുടെ അമ്മയും മുത്തശ്ശിയും ഉൾപ്പടെ 13 പ്രോസിക്യൂഷൻ സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ബി വാഹിദ ഹാജരായി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam