ശങ്കറിനെയും ആ കാലത്തെയും എല്ലാ കാലത്തും ഓര്‍മ്മിക്കണമെന്ന് കവി സച്ചിദാനന്ദന്‍

By Web TeamFirst Published Jul 31, 2021, 11:24 PM IST
Highlights

കായംകുളത്ത് ജനിച്ച് ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ ആചാര്യനായി വളര്‍ന്നയാളാണ് ശങ്കര്‍. അദ്ദേഹത്തിന്റെ ബ്രഷിന്റെ വരയില്‍ തെളിയുന്നത് അഭിമാനമായി പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള വലിയ നേതാക്കള്‍ കരുതിയിരുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു. 

ആലപ്പുഴ: ഇന്ത്യന്‍ കാര്‍ട്ടൂണിന്‍റെ കുലപതി ശങ്കറിന്‍റെയും ആ കാലത്തിന്‍റെയും ഓര്‍മ്മകള്‍ രാജ്യത്തിനും കലയ്ക്കും സമൂഹത്തിനും എല്ലാ കാലത്തും മാര്‍ഗ്ഗദര്‍ശനമേകുമെന്ന് കവി സച്ചിദാനന്ദന്‍. കായംകുളത്ത് ജനിച്ച് ഇന്ത്യന്‍ കാര്‍ട്ടൂണിന്റെ ആചാര്യനായി വളര്‍ന്നയാളാണ് ശങ്കര്‍. അദ്ദേഹത്തിന്റെ ബ്രഷിന്റെ വരയില്‍ തെളിയുന്നത് അഭിമാനമായി പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള വലിയ നേതാക്കള്‍ കരുതിയിരുന്നുവെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ ജന്മദിനമായ ജൂലൈ 31ന് കായംകുളം ശങ്കര്‍ മ്യൂസിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഓണ്‍ലൈന്‍ ആയി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കാര്‍ട്ടൂണിസ്റ്റുകളുടെ മാതൃഭൂമിയാണെന്ന് പറയാം. ശങ്കേഴ്‌സ് വീക്കിലിയിലൂടെയാണ് രാജ്യത്ത് രണ്ട് തലമുറയിലെ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ ഉയര്‍ന്നു വന്നത്. കുട്ടിക്കാലം മുതലേ ശങ്കേഴ്‌സ് വീക്കിലിയുടെ ഒരു വായനക്കാരനായിരുന്നു താനുമെന്നും സച്ചിദാനന്ദന്‍ ഓര്‍മ്മിച്ചു. കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികള്‍ കേരളത്തിലെ കലയ്ക്കും സംസ്‌കാരത്തിനും നല്‍കിയ അഗണ്യമായ സംഭാവനകള്‍ ഇനിയും ആദരിക്കപ്പെട്ടിട്ടില്ല. എഴുത്തുകാരെ ആഘോഷിക്കാറുണ്ട്.

പക്ഷേ മറ്റു മേഖലകളില്‍ മറിച്ചാണ് സ്ഥിതി. ഈ സാഹചര്യത്തില്‍ കാര്‍ട്ടൂണിസ്റ്റ് ശങ്കറെ കുറിച്ചുള്ള ജീവചരിത്രം ലളിതകലാ അക്കാദമി പ്രസിദ്ധീകരിച്ചത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ലളിതകലാ അക്കാദമി, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ച്  നടത്തിയ അനുസ്മരണ പരിപാടി ശങ്കറിന്റെ എഴുത്തുമേശയ്ക്ക് മുന്നിലെ അദ്ദേഹത്തിന്റെ ഛായാച്ചിത്രത്തില്‍ പുഷ്പ്പാര്‍ച്ചനയോടെയാണ് ആരംഭിച്ചത്. തുടര്‍ന്നു നടന്ന അനുസ്മരണ ചടങ്ങില്‍ കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ് അദ്ധ്യക്ഷത വഹിച്ചു.

ഉദ്ഘാടനം കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ. ഉണ്ണിക്കൃഷ്ണന്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ശങ്കറിന്റെ ജീവചരിത്രകാരനായ കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥ് മുഖ്യപ്രഭാഷണം നടത്തി. കേരള ലളിതകലാ അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ് ആശംസ അര്‍പ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി അനൂപ് രാധാകൃഷ്ണന്‍ സ്വാഗതവും കേരള ലളിതകലാ അക്കാദമി സെക്രട്ടറി പി.വി. ബാലന്‍ കൃതജ്ഞതയും പറഞ്ഞു.

click me!