വിഴിഞ്ഞത്ത് പണം വാങ്ങി വൃക്ക വിറ്റതായി പൊലീസ് - ആരോഗ്യവകുപ്പുകളുടെ റിപ്പോര്‍ട്ട്

Published : Feb 16, 2022, 04:16 PM IST
വിഴിഞ്ഞത്ത് പണം വാങ്ങി വൃക്ക വിറ്റതായി പൊലീസ് - ആരോഗ്യവകുപ്പുകളുടെ റിപ്പോര്‍ട്ട്

Synopsis

ബന്ധുക്കൾ അല്ലാത്തവർക്കാണ് വൃക്കകൾ നൽകിയിരിക്കുന്നതെന്നും ഇതിൽ പണ ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും റിപ്പോർട്ടിൽ പറയുന്നു.   


തിരുവനന്തപുരം:  തൊഴിലില്ലായ്മയും ദാരിദ്രവും മുതലെടുത്ത് തീരദേശത്ത് അവയവ മാഫിയ (Organ Mafia) പിടിമുറുക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരസ്പരം പഴിചാരി പൊലീസും (Police) ആരോഗ്യവകുപ്പും. (Health department) കഴിഞ്ഞ കുറച്ച് മാസങ്ങളായി തിരുവനന്തപുരത്തെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് (Vizhinjam) അവയവ മാഫിയ നിരവധി പേരുടെ വൃക്കകള്‍ (kidney) പണം കൊടുത്ത് വാങ്ങിയതുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ വിഷയത്തില്‍ കേസെടുക്കേണ്ടത് പൊലീസാണെന്ന് ആരോഗ്യവകുപ്പും അതല്ല ആരോഗ്യവകുപ്പിന്‍റെ തുടര്‍ നടപടിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്ന് പൊലീസും മനുഷ്യാവകാശ കമ്മീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

വിഴിഞ്ഞത്ത് പണം വാങ്ങി വൃക്ക വിൽപന നടത്തുന്നതിനെ കുറിച്ചുള്ള വാർത്ത ഇരു സര്‍ക്കാര്‍ വകുപ്പുകളും തത്വത്തില്‍ സമ്മതിക്കുന്നുണ്ട്. സാമ്പത്തിക ബാധ്യതകൾ ചൂഷണം ചെയ്താണ് തീരദേശത്ത് അവയവ വിൽപന നടന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു. വിഷയത്തിൽ നടപടി എടുക്കേണ്ടത് അഭ്യന്തര വകുപ്പാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ വാദം. തീരദേശത്തെ അവയവ കച്ചവടം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് മുന്നിൽ സമർപ്പിച്ച റിപ്പോർട്ടുകളിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.

ബന്ധുക്കൾ അല്ലാത്തവർക്കാണ് വൃക്കകൾ നൽകിയിരിക്കുന്നതെന്നും ഇതിൽ പണ ഇടപാട് നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നതായും ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും റിപ്പോർട്ടിൽ പറയുന്നു. വിഷയത്തിൽ നടപടി സ്വീകരിക്കേണ്ടത് ആഭ്യന്തര വകുപ്പാണെന്ന് ആരോഗ്യവകുപ്പിന്‍റെ വാദം. സിറ്റി പൊലീസ് മേധാവിയുടെ റിപ്പോർട്ട് അനുസരിച്ച് വൃക്ക ദാനം ചെയ്തവരിൽ നിന്ന് ശേഖരിച്ച മൊഴികളിൽ സ്വന്തം ഇഷ്ടപ്രകാരം പണം വാങ്ങാതെയാണ് വൃക്ക ദാനം ചെയ്തതെന്നാണ് പറയുന്നുണ്ടെങ്കിലും വാണിജ്യ ഇടപെടലുകൾ നടന്നതായും പണം വാങ്ങിയാണ് വ്യക്തികള്‍ വൃക്കകൾ നൽകിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

എന്നാല്‍, അവയവദാന നിയമ പ്രകാരം വിഷയത്തിൽ നടപടി എടുക്കാൻ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ലഭിച്ച രണ്ട് പരാതികളിലും ഇതുവരെയായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനാൽ പൊലീസിന് വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വൃക്ക വിൽപ്പനയുമായി ബന്ധപ്പെട്ട് മാർച്ച് 4ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് ആന്‍റണി ഡൊമിനിക് ഇരു റിപ്പോട്ടുകളിലും വാദം കേൾക്കും.

സംസ്ഥാനത്ത് അവയവ മാഫിയ പ്രവർത്തനം നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്തകൾ വന്നതിനെ തുടർന്ന് ലഭിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തിരുന്നു.ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ പൊലീസ് മേധാവിയും വിഷയത്തിൽ റിപോർട്ട് സമർപ്പിക്കാണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരു വകുപ്പുകളും ഇപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. 

 

കൂടുതല്‍ വായിക്കാം: വൃക്ക വിൽക്കാൻ വിസമ്മതിച്ചതിന് മർദ്ദിച്ചു: വിഴിഞ്ഞം സ്വദേശിനിയുടെ പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

കൂടുതല്‍ വായിക്കാം: വിഴിഞ്ഞത്തെ വൃക്ക വില്‍പ്പന: നുണകഥകള്‍ക്ക് എംഎല്‍എയുടെ സാക്ഷ്യപത്രവും പൊലീസ് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടും

 

PREV
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി