Asianet News MalayalamAsianet News Malayalam

വിഴിഞ്ഞത്തെ വൃക്ക വില്‍പ്പന: നുണകഥകള്‍ക്ക് എംഎല്‍എയുടെ സാക്ഷ്യപത്രവും പൊലീസ് വേരിഫിക്കേഷന്‍ റിപ്പോര്‍ട്ടും

അപേക്ഷകർ നൽകുന്ന അപേക്ഷയിൽ പറയുന്ന വിവരങ്ങൾ ആണ് സാക്ഷ്യപ്പെടുത്തി നൽകുന്നതെന്ന് കോവളം എം.എൽ. എ എം. വിൻസെന്‍റ് വിഷയത്തേക്കുറിച്ച് പറയുന്നത്. 

vizhinjam kidney sale most people gets testimonial from MLA and police verification report
Author
Vizhinjam, First Published Nov 29, 2021, 10:06 PM IST

തിരുവനന്തപുരം: വിഴിഞ്ഞത്തെ (Vizhinjam) വൃക്ക വിൽപ്പനയിൽ ഏജന്‍റുമാരുടെ നുണകഥ വിശ്വസിച്ച് വൃക്ക വിൽപ്പന (sell kidney) നടത്തിയവർക്ക് അനുകൂലമായി എം.എൽ.എയുടെ സാക്ഷ്യ പത്രവും വിശദമായി അന്വേഷണം നടത്താതെ പൊലീസിന്‍റെ വെരിഫിക്കേഷൻ റിപ്പോർട്ടും. വൃക്ക വിൽപ്പനയെ കുറിച്ചുള്ള വാർത്തകൾ വരുന്നതിനിടയിലും വൃക്ക വിൽക്കാൻ ശ്രമം നടക്കുന്നതായാണ് വിവരം. ജീവിക്കുന്ന മനുഷ്യരിൽ നിന്നുള്ള അവയവ ദാനത്തിൽ വാണിജ്യ താത്പര്യങ്ങൾ ഇല്ലാ എന്ന് ഉറപ്പാക്കിയ ശേഷമാണ് അവയവ ദാന അംഗീകാര കമ്മിറ്റികളിൽ ശസ്ത്രക്രിയകൾക്ക് അനുമതി നൽകുന്നത്. ഇതിനിടയിൽ അവയവ ദാതാവും അവയവ സ്വീകർത്താവും നിരവധി പ്രക്രിയകളിലൂടെ കടന്ന് പോകേണ്ടതുണ്ട്. ബന്ധു ഇതര വ്യക്തികൾക്ക് അവയവം നൽകുന്നതിന് അംഗീകാര കമ്മിറ്റിക്ക് മുൻപായി അവയവ ദാതാവിനെ നേരിട്ട് അറിയാം എന്നും ഈ മേൽവിലാസത്തിൽ ഇത്ര വർഷമായി താമസിക്കുന്നു എന്നും സ്ഥലം എം.എൽ.എ അല്ലെങ്കിൽ എം.പി നൽകുന്ന സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ട്. 

ഇതിന് ശേഷമാണ് പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്നത് അന്വേഷിക്കാൻ പൊലീസിന്‍റെ വെരിഫിക്കേഷനായി റിപ്പോർട്ട് കൈമാറുന്നത്. വിഴിഞ്ഞത്ത് നിന്ന് വൃക്ക വിൽപ്പന ചെയ്തിരിക്കുന്നവർക്ക് കോവളം എം.എൽ.എ അഡ്വ. എം. വിൻസെന്‍റ് ഇത്തരത്തിൽ സാക്ഷ്യപത്രം നൽകിയിട്ടുണ്ട്. അവസാനമായി സാക്ഷ്യപത്രം നൽകിയിരിക്കുന്നത് വൃക്ക വിൽപ്പനയിൽ നിന്ന് പിൻമാറിയതിന് ഭർത്താവ് മർദിച്ച സുജ എന്ന യുവതിക്ക് ആണ്. ഈ കേസില്‍ സുജയുടെ ഭര്‍ത്താവ് കോട്ടപ്പുറം സ്വദേശി സാജനെ  പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എന്നാൽ വൃക്ക വിൽപ്പന ചെയ്യുന്നവർക്ക് അവയവ ദാന അംഗീകാര കമ്മിറ്റികളുടെ കണ്ണ് വെട്ടിക്കാൻ ഏജന്‍റുമാർ പറഞ്ഞു പഠിപ്പിക്കുന്ന കള്ളക്കഥകളുടെ നിജസ്ഥിതി പരിശോധിക്കാതെയാണ് എംഎല്‍എ സാക്ഷ്യപത്രം നല്‍കുന്നത്. അവയവ സ്വീകർത്താവിന്‍റെ വീട്ടിൽ ഹോം നേഴ്സ് ആയിരുന്നു എന്നതടക്കമുള്ള കള്ളങ്ങള്‍ക്ക് എംഎല്‍എയുടെ സാക്ഷ്യപത്രം ലഭിച്ചതായി വ്യക്തമായിട്ടുമുണ്ട്. 2018ൽ വൃക്ക നൽകിയ വീട്ടമ്മയ്ക്ക് കോവളം എം.എൽ.എ നൽകിയ സാക്ഷ്യപത്രമാണ് ഇതിനകം പുറത്ത് വന്നിട്ടുള്ളത്. ഇവരെ തനിക്ക് നേരിട്ട് അറിയാവുന്നതും ഇവർ ഹോം നേഴ്‌സായി ജോലി ചെയ്യുന്ന പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെ വ്യക്തിക്ക് വൃക്ക ദാനം ചെയ്യുന്നത് തന്നെ ബോധ്യപ്പെടുത്തിയിട്ടുള്ള വിവരം സാക്ഷ്യപ്പെടുത്തുന്നു എന്നും സാക്ഷ്യപത്രം തൃശൂർ മെഡിക്കൽ കോളേജിൽ ഹാജരാക്കാൻ വേണ്ടി നൽകുന്നു എന്നും എം.എൽ.എ രേഖപ്പെടുത്തിയിട്ടുണ്ട്. 

എന്നാൽ എം.എൽ.എ നേരിട്ടറിയാം എന്ന് സാക്ഷ്യപത്രം നൽകിയ യുവതി ഇത്തരത്തിൽ പത്തനംതിട്ടയിൽ ഹോം നേഴ്സായി ജോലി ചെയ്തിട്ടില്ല. വൃക്ക വിൽപ്പനക്ക് വേണ്ടി ഏജന്‍റുമാർ തയ്യാറാക്കിയ ഒരു കഥ മാത്രമാണ് ഇത്. എന്നാൽ ഈ കഥ ശരിവച്ചുള്ള ജനപ്രതിനിധിയുടെ സാക്ഷ്യ പത്രം കൂടി ലഭിക്കുമ്പോൾ ഇത് തുടർ നടപടികൾ വേഗത്തിൽ ആക്കാനും സംശയങ്ങൾക്ക് ഇടവരാതെ ശസ്ത്രക്രിയ നടത്താനും സഹായകമാകും. എം.എൽ.യുടെ സാക്ഷ്യപത്രം കൂടെ ഉള്ളപോൾ കൃത്യമായി അന്വേഷണം നടത്താതെ പൊലീസും വെരിഫിക്കേഷൻ റിപോർട്ട് നൽകുന്നു. എന്നാല്‍ അപേക്ഷകർ നൽകുന്ന അപേക്ഷയിൽ പറയുന്ന വിവരങ്ങൾ ആണ് സാക്ഷ്യപ്പെടുത്തി നൽകുന്നതെന്ന് കോവളം എം.എൽ. എ എം. വിൻസെന്‍റ് വിഷയത്തേക്കുറിച്ച് പറയുന്നത്. 

ഇത് അന്വേഷിക്കാൻ മറ്റ് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഇവർ പറയുന്നത് വിശ്വസിച്ച് സാക്ഷ്യപത്രം നൽകുകയായിരുന്നുവെന്നും എംഎല്‍എ വ്യക്തമാക്കി. വൃക്ക വിൽപ്പനയെ കുറിച്ചുള്ള വാർത്തകൾ വന്നതോടെ വിഷയം അതീവ ഗൗരവമായി കാണുന്നു എന്നും ഇതിനാൽ തന്നെ കഴിഞ്ഞ ദിവസം എറണാകുളത്തെ ആശുപത്രിയിൽ വൃക്ക നൽകുന്നതിനായി മേൽവിലാസം മാറ്റുന്നതിന് സാക്ഷ്യപത്രം വേണം എന്ന് ആവശ്യപ്പെട്ട് സമീപിച്ച കളിയിക്കാവിള സ്വദേശിനിക്ക് ഇത് നൽകാൻ കഴിയില്ല എന്ന് അറിയിച്ചതായും എംഎല്‍എ പറഞ്ഞു.

Follow Us:
Download App:
  • android
  • ios