Sandeep Murder : സന്ദീപ് വധക്കേസ്, അഞ്ചാം പ്രതി എടത്വായിൽ പിടിയിൽ, മുഴുവൻ പ്രതികളും അറസ്റ്റിലായി

By Web TeamFirst Published Dec 3, 2021, 2:27 PM IST
Highlights

രാത്രി തന്നെ പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ച പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് മൂന്ന് പേരെ പിടികൂടിയത്. മുഖ്യപ്രതി ജിഷ്ണു രഘു, നന്ദു , പ്രമോദ് എന്നിവർ കരുവാറ്റയിലെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു. 

തിരുവല്ല: സിപിഎം (cpm) പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ (Sandeep Murder)  മുഴുവന്‍ പ്രതികളും പിടിയില്‍. എടത്വായില്‍ നിന്നാണ് അഞ്ചാം പ്രതി അഭിയെ പിടികൂടിയത്. മറ്റ് നാല് പ്രതികളെയും ഇന്നലെ രാത്രി ആലപ്പുഴ കരുവാറ്റയില്‍ നിന്ന് പിടികൂടിയിരുന്നു. അതിക്രൂരമായി സന്ദീപിനെ കുത്തികൊന്നതിന് പിന്നാലെ പ്രതികൾ രാത്രിയോടെ ഒളിവിൽപ്പോവുകയായിരുന്നു.

എന്നാല്‍ രാത്രി തന്നെ പ്രതികളെ സംബന്ധിച്ച് സൂചന ലഭിച്ച പൊലീസ് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂന്ന് പേരെ പിടികൂടി. മുഖ്യപ്രതി ജിഷ്ണു രഘു, നന്ദു , പ്രമോദ് എന്നിവർ കരുവാറ്റയിലെ സുഹൃത്തിൻ്റെ വീട്ടിലായിരുന്നു. കണ്ണൂര്‍ സ്വദേശിയായ മറ്റൊരു പ്രതി മുഹമ്മദ് ഫൈസലിനെ കുറ്റൂരിലെ വാടക മുറിയിൽ നിന്നുമാണ് പിടികൂടിയത്. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റിയുടെ മുൻ പ്രസിഡന്‍റാണ് മുഖ്യപ്രതി ജിഷ്ണു രഘു.

കൊലപാതകം വ്യക്തി വൈരാഗ്യത്തെ തുടർന്നാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഒന്നാം പ്രതി ജിഷ്ണുവിന് സന്ദീപിനോട് മുൻ വൈരാഗ്യം ഉണ്ടായിരുന്നെന്നും ഇത് തീർക്കാൻ വേണ്ടിയാണ് സുഹൃത്തുക്കളെ കൂട്ടി ആസൂത്രണം ചെയ്ത് കൊലപാതകം നടപ്പിലാക്കിയതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിഷ്ണു ജയിലില്‍ വെച്ചാണ് മറ്റ് പ്രതികളെ പരിചപ്പെടുന്നത്. വിവിധ സ്ഥലങ്ങളിലുള്ളവർക്കായി തിരുവല്ല കുറ്റൂരിൽ മുറി വാടകയ്ക്ക് എടുത്ത് നൽകിയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. ദിവസവും നാട്ടുകാർക്കൊപ്പം ചാത്തങ്കരിയിലെ കലുങ്കിൽ സന്ദീപ് ഉണ്ടെന്ന് മനസിലാക്കി പ്രതികൾ പിന്തുടർന്നാണ് ആക്രമിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.

എന്നാല്‍ പൊലീസ് വാദം തള്ളി ആർഎസ്എസ് ആസൂത്രണം ചെയ്ത കൊലപാതകമാണിതെന്നാണ് സിപിഎം ആരോപണം. മറ്റ് സംഘർഷ സാഹചര്യങ്ങൾ ഒന്നും നിലനിൽക്കാത്ത പ്രദേശത്ത് ആർഎസ്എസ് ബിജെപി മനപ്പൂര്‍വ്വം പ്രശ്നങ്ങൾ ഉണ്ടാക്കാന്‍ ശ്രമിക്കുക്കയാണെന്നാണ് ആരോപണം. സന്ദീപിൻ്റെ നേതൃത്വത്തിൽ നിരവധി ബിജെപി പ്രവർത്തകരെ സിപിഎമ്മിലേക്ക് എത്തിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് സിപിഎം പറയുന്നത്.

 

click me!