എന്നാൽ പൊലീസ് വാദങ്ങളെ തള്ളിയ സിപിഎം ജില്ലാ സെക്രട്ടറി രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നിൽ സംഘപരിവാറാണെന്നും ആരോപിച്ചു.  

തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി (cpm local secretary) പി ബി സന്ദീപ് കുമാറിന്റെ (sandeep kumar) കൊലപാതകത്തിൽ പൊലീസിന്റെ (kerala police) വാദങ്ങൾ തള്ളി സിപിഎം (cpm). സന്ദീപിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ പൊലീസ് വാദങ്ങളെ തള്ളിയ സിപിഎം ജില്ലാ സെക്രട്ടറി സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നിൽ സംഘപരിവാറാണെന്നും ആവർത്തിച്ചു. ആർഎസ് എസ് പ്രവർത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.

എന്നാൽ സിപിഎമ്മിന്റെ ആരോപണങ്ങളെ ബിജെപി തളളി. കൊലക്കേസിൽ പൊലീസിന്റെ പിടിയിലായ പ്രതികളിൽ രണ്ട് പേർ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു. സംഘപരിവാറിന് കൊലപാതകവുമായി ബന്ധമില്ലെന്നും ബിജെപി ആവർത്തിച്ചു. 

ഇന്നലെ രാത്രി എട്ടു മണിയോടെ തിരുവല്ലയിലെ ചാത്തങ്കരിയിൽ വെച്ചാണ് സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ ബൈക്കിലെത്തിയ മൂന്നുപേർ കുത്തിക്കൊന്നത്. വയലിന് സമീപത്ത് ഒരു കലുങ്കിൽ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകൾ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്‍റെ നെ‌ഞ്ചിൽ ഒമ്പത് കുത്തേറ്റ‌ു. ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ആഴത്തിലുള്ള മുറിവേറ്റ സന്ദീപ് സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സന്ദീപിന്‍റെ നെഞ്ചിന്‍റെ വലത് ഭാഗത്തായി ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട നാല് പ്രതികളെ പൊലീസ് പിടികൂടി. ജിഷ്ണു, നന്ദു, പ്രമോദ്,മുഹമ്മദ് എന്നവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് ഇവരെ പിടികൂടിയത്. 

സന്ദീപ് കൊലപാതകം; നാല് പ്രതികൾ പിടിയിൽ;പിടിയിലായത് ആലപ്പുഴ കരുവാറ്റയിൽ നിന്ന്

കൊലപാതകത്തിൽ പ്രതിഷേധിച്ച് സിപിഐഎം തിരുവല്ല നഗരസഭയിലും പെരിങ്ങര അടക്കം 5 പഞ്ചായത്തുകളിലും ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. പോസ്റ്റ്‍മോർട്ടത്തിന് ശേഷം മൃതദേഹം സി പി എം ഏരിയ കമ്മറ്റി ഓഫിസ്, പെരിങ്ങര ലോക്കൽ കമ്മറ്റി ഓഫിസ്, പെരിങ്ങര പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ പൊതു ദർശനത്തിന് വയ്ക്കും. ഇന്ന് തന്നെ സംസ്കാരം നടത്തും.