കാഞ്ഞങ്ങാട് ദമ്പതികളെ വീട് കയറി ആക്രമിച്ച സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

By Web TeamFirst Published Nov 22, 2021, 3:33 PM IST
Highlights

ദുര്‍ഗ ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപം താമസിക്കുന്ന ദേവദാസിനേയും ഭാര്യ ലളിതയേയും കത്തികാട്ടി ഭീഷണിപ്പെടുത്തി അടിച്ച് വീഴ്ത്തി 40 പവന്‍ സ്വര്‍ണ്ണവും 20000 രൂപയും കാറും കവരുകയായിരുന്നു.
 

കാഞ്ഞങ്ങാട്: കാസര്‍കോട് കാഞ്ഞങ്ങാട് (Kanhangad) ദമ്പതികളെ വീട് കയറി ആക്രമിച്ച് പണവും സ്വര്‍ണ്ണവും കവര്‍ന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. അമ്പലത്തറ ബാലൂരിലെ സുരേശനാണ് അറസ്റ്റിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം രണ്ടായി. പത്ത് ദിവസം മുമ്പാണ് കാഞ്ഞങ്ങാട്ട് പട്ടാപ്പകല്‍ വീടുകയറി ക്വട്ടേഷന്‍ ആക്രമണം നടന്നത്. ദുര്‍ഗ ഹയര്‍ സെക്കന്‍ററി സ്കൂളിന് സമീപം താമസിക്കുന്ന ദേവദാസിനേയും ഭാര്യ ലളിതയേയും കത്തികാട്ടി ഭീഷണിപ്പെടുത്തി അടിച്ച് വീഴ്ത്തി 40 പവന്‍ സ്വര്‍ണ്ണവും 20000 രൂപയും കാറും കവരുകയായിരുന്നു.

അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിലെ അമ്പലത്തറ ബാലൂര്‍ സ്വദേശി സുരേശനെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന് ശേഷം പാണത്തൂര്‍ ഭാഗത്തേക്ക് കടന്ന ഇയാള്‍ ഒളിവിലായിരുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നതിനാല്‍ വീടുകള്‍ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം സുരേശന്‍ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് അറസ്റ്റ്. നേരത്തെ അറസ്റ്റിലായ ഒന്നാം പ്രതി മൂന്നാംമൈലിലെ രാജേന്ദ്രന്‍ റിമാന്‍റിലാണ്. കല്യാണ്‍ റോഡിലെ അശ്വിന്‍, ഓട്ടോ ഡ്രൈവര്‍മാരായ നെല്ലിത്തറ മുകേഷ്, കോട്ടപ്പാറയിലെ ദാമോദരന്‍ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവര്‍ കര്‍ണാടകയിലേക്ക് കടന്നതായാണ് സൂചന. ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് തുടരുകയാണ്.

tags
click me!