ഹരിതയുടെ ലൈംഗികാധിക്ഷേപ പരാതി; എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് അറസ്റ്റില്‍

By Web TeamFirst Published Sep 10, 2021, 2:20 PM IST
Highlights

ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് പികെ നവാസ് എന്നിവർക്കെതിരെ കഴിഞ്ഞ മാസം 17 നാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. 

മലപ്പുറം: വനിതാ നേതാക്കളെ ലൈംഗീകമായി അധിക്ഷേപിച്ചെന്ന പരാതിയിൽ എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലൈംഗികാധിക്ഷേപത്തെക്കുറിച്ച് സംഘടനയ്ക്കകത്തും പുറത്തും ഹരിത നേതാക്കൾ ശക്തമായ നിലപാടെടുത്തതിന് തൊട്ടുപുറകേയാണ് പൊലീസ് നടപടി. 

കേസിന്‍റെ അന്വേഷണ ചുമലയുളള കോഴിക്കോട് ചെമ്മങ്ങാട് ഇന്‍സ്പെക്ടര്‍ അനിതകുമാരി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നവാസിന് നോട്ടീസ് അയച്ചിരുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ നവാസ് സ്റ്റേഷനില്‍ ഹാജരായി. ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്‍ വഹാബിനും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 

അതിനിടെ എംഎസ്എഫ് നേതാക്കള്‍ ലൈംഗീകാധിക്ഷേപം നടത്തിയതായി ഹരിത നേതാക്കള്‍ ആരോപണം ഉന്നയിച്ച ജൂൺ 22 ലെ യോഗത്തിന്‍റെ മിനുട്സ് ഹാജരാക്കാൻ എംഎസ്എഫ് ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരിന് പൊലീസ് നിര്‍ദ്ദേശം നല്‍കി. ലീഗ് നേതൃത്വത്തോട് കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തില്‍ തുടർ നടപടിയെന്ന് ലത്തീഫ് തുറയൂർ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!