കരുനാ​ഗപ്പള്ളി പൊലീസിനെതിരായ നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് പൊലീസ് സംഘടന, ഇന്ന് അടിയന്തര യോ​ഗം

By Web TeamFirst Published Sep 22, 2022, 7:27 AM IST
Highlights

കരുനാഗപ്പളളി എസ്എച്ച്ഒ, എസ് ഐ ഉള്‍പ്പെടെ നാല് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച് കസ്റ്റഡിയിൽ എടുത്ത അഭിഭാഷകനെ മർദ്ദിച്ചു വെന്ന പരാതിയിലാണ് സസ്പെൻഷൻ

തിരുവനന്തപുരം  : കരുനാഗപ്പള്ളി പൊലിസിനെതിരായ സർക്കാർ നടപടിയിൽ പ്രതിഷേധം കടുപ്പിച്ച് പൊലിസ് സംഘടനകൾ. പൊലിസ് ഓഫിസേഴ്സ് അസോസിയേഷൻ കൊച്ചിയിൽ ഇന്ന് അടിയന്തര യോഗം വിളിച്ചു. 

കൊല്ലത്ത് അഭിഭാഷകനെ മര്‍ദ്ദിച്ച കേസില്‍ നാല് പൊലീസുകാരെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു . കരുനാഗപ്പളളി എസ്എച്ച്ഒ, എസ് ഐ ഉള്‍പ്പെടെ നാല് പേരെയാണ് സസ്പെന്‍ഡ് ചെയ്തത്. മദ്യപിച്ച് കസ്റ്റഡിയിൽ എടുത്ത അഭിഭാഷകനെ മർദ്ദിച്ചു വെന്ന പരാതിയിലാണ് സസ്പെൻഷൻ. ഡിഐജിയുടെ അന്വേഷണ റിപോർട്ട് തള്ളിയാണ് സസ്പെൻഷൻ. അഭിഭാഷകനെ കസ്റ്റഡിയിലെടുക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന എസ്എച്ച്ഒ ഗോപകുമാറിനെയും സസ്പെൻസ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ തെറ്റു ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. നടപടിക്കെതിരെ പൊലീസിൽ ശക്തമായ എതിർപ്പുയര്‍ന്നു.  എസ്എച്ച്ഒ ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് ഫിലിപ്പോസ്, സീനിയര്‍ പൊലിസ് ഓഫീസർ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സസ്പെൻറ് ചെയ്തത്. സസ്പെൻഷനെ ഡിജിപിയും എതിർത്തിരുന്നു. ഐപിഎസ് അസോസിയേഷനും നടപടിയെ എതിർത്തിരുന്നു. 

കരുനാഗപ്പള്ളിയിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തർക്കത്തിൽ വഴിത്തിരിവായി ആശുപത്രി രേഖകൾ പുറത്തുവന്നിരുന്നു. വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ ജയകുമാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടില്‍ പറയുന്നു. മദ്യപിച്ചോ എന്ന് കണ്ടെത്താൻ പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ, അവിടെയും അഭിഭാഷകൻ അക്രമ സ്വഭാവം കാണിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും പുറത്തു വന്നു. ആശുപത്രിയിൽ വച്ച് അഡ്വ. ജയകുമാർ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാ‍റിനെ കരുനാഗപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് മർദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ  സംസ്ഥാന കമ്മറ്റി പ്രസ്താവന

5/9/2022 തീയതി മദ്യപിച്ച് അക്രമാസക്തനായി പെരുമാറിയ അഭിഭാഷകനെ സംബന്ധിച്ച് പൊതുജനങ്ങൾ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് സ്ഥലത്തെത്തി നിയമ നടപടികൾ സ്വീകരിച്ചിരുന്നു. ഇത്തരത്തിൽ നിയമാനുസരണ നടപടി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥന്മാരെ  സസ്പെന്റ് ചെയ്ത് ഉത്തരവ് ഇറക്കിയിരിക്കുകയാണ്. 

മദ്യാസക്തിയിൽ പൊതുജനങ്ങൾക്ക് ശല്യമായി മാറിയ ഒരാളെ കസ്റ്റഡിയിലെടുത്ത് നിയമാനുസരണമായ നടപടികൾ സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥന്മാരെ അന്യായമായി സസ്പെന്റ് ചെയ്ത നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ഇത് സംസ്ഥാന പോലീസ് സേനയുടെ തന്നെ ആത്മവീര്യം ചോർത്തുന്ന നടപടിയാണ്. 
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഇക്കാര്യത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

 

കരുനാഗപ്പള്ളി എസ്എച്ച്ഒക്ക് എതിരായ പരാതി വ്യാജം? സിഐ മർദ്ദിക്കുന്നത് കണ്ടെന്ന് മൊഴി നൽകിയവർ സ്ഥലത്തില്ലാത്തവർ

click me!