Aluva police : റോഡിൽ ഫോൺ ചെയ്ത് നിൽക്കവേ പൊലീസ് മർദ്ദിച്ചു, പരാതിയുമായി പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് അംഗം

By Web TeamFirst Published Dec 4, 2021, 1:42 PM IST
Highlights

സ്ത്രീധനപീഡനത്തിനെതിരായ പ്രതിപക്ഷ നേതാവിന്‍റെ ക്യാംപെയ്ൻ കഴിഞ്ഞ ദിവസം നടന്നത് മോഫിയയുടെ കലാലയം കൂടിയായ തൊടുപുഴ അൽ അസർ കോളേജിലായിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത മോഫിയയുടെ അച്ഛൻ ദിൽഷാദിനെ ആലുവയിലെ വീട്ടിലാക്കി മടങ്ങും വഴിയാണ് പൊലീസിന്റെ അതിക്രമമുണ്ടായത്.

ആലുവ: മൊഫിയ കേസിന് പിന്നാലെ ആലുവയിൽ പൊലീസിനെതിരെ കൂടുതൽ ആരോപണം. ആലുവ ബാങ്ക് കവലയിൽ വെച്ച് പൊലീസ് മർദ്ദിച്ചെന്ന പരാതിയുമായി പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് അംഗവും കെ എസ് യു സംസ്ഥാന ഭാരവാഹിയുമായ എ എ അജ്മൽ രംഗത്തെത്തി. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. ബാങ്ക് കവലയിൽ ഫോൺ ചെയ്ത് നിൽക്കുന്നതിനിടെയാണ് അജ്മലിനെ പൊലീസിന്‍റെ പട്രോളിംഗ് സംഘം മർദ്ദിച്ചത്. രാത്രി റോഡിൽ നിൽക്കുന്നത് എന്തിനെന്നായിരുന്നു ചോദ്യം. ഫോൺ കോൾ വന്നത് കൊണ്ടാണെന്നും പ്രതിപക്ഷ നേതാവിന്‍റെ സ്റ്റാഫ് അംഗമാണെന്ന് അറിയിച്ചെങ്കിലും പൊലീസ് അതിക്രമം തുടർന്നു. 

സ്ത്രീധനപീഡനത്തിനെതിരായ പ്രതിപക്ഷ നേതാവിന്‍റെ ക്യാംപെയ്ൻ കഴിഞ്ഞ ദിവസം നടന്നത് മോഫിയയുടെ കലാലയം കൂടിയായ തൊടുപുഴ അൽ അസർ കോളേജിലായിരുന്നു. ഈ പരിപാടിയിൽ പങ്കെടുത്ത മോഫിയയുടെ അച്ഛൻ ദിൽഷാദിനെ ആലുവയിലെ വീട്ടിലാക്കി മടങ്ങും വഴിയാണ് പൊലീസിന്റെ അതിക്രമമുണ്ടായത്. ഇക്കാര്യം അറിയിക്കാൻ ആലുവ എംഎൽഎ അൻവർ സാദത്തിനെ വിളിച്ചെങ്കിലും ഇത് അനുവദിക്കാതെ ആക്രോശം തുടർന്നുവെന്നും അജ്മൽ പറഞ്ഞു. 

മോഫിയ കേസിലെ കോൺഗ്രസ് സമരത്തിനെതിരെ പൊലീസ് പകപോക്കുകയാണെന്ന്  നേതാക്കൾ പ്രതികരിച്ചു. രാഷ്ട്രീയ വിരോധം തീർക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് ആരോപിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ അജ്മൽ പൊലീസിൽ പരാതി നൽകി. പരാതിക്കാരന്‍റെ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

click me!