ആളുകൾക്കെല്ലാം മാസ്ക്; പ്രതിയെ പിടിക്കാനാകുന്നില്ലെന്ന് പൊലീസ്

By Web TeamFirst Published Jun 21, 2020, 9:48 PM IST
Highlights

കഴിഞ്ഞ തിങ്കളാഴ്ചയാണ് തോട്ടട പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് രണ്ട് റിമാൻ‍ഡ് പ്രതികൾ രക്ഷപ്പെട്ടത്. പോക്സോ കേസ് പ്രതിയായ മണിക്കുട്ടനും, കവർച്ച കേസ് പ്രതിയായ റംസാനുമാണ് ചാടിപ്പോയത്. 

കണ്ണൂര്‍: കണ്ണൂരിൽ ക്വാറന്‍റീൻ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ പ്രതിയെ പിടികൂടാൻ വെല്ലുവിളിയാകുന്നത് മാസ്കെന്ന് പൊലീസ്. ആളുകൾ എല്ലാം കൂട്ടത്തോടെ മാസ്ക് വെച്ചതോടെ സിസിടിവി നോക്കിയാലും  പ്രതിയെ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയാണ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് തോട്ടട പോളിടെക്നിക് ഹോസ്റ്റലിൽ നിന്ന് രണ്ട് റിമാൻ‍ഡ് പ്രതികൾ രക്ഷപ്പെട്ടത്. പോക്സോ കേസ് പ്രതിയായ മണിക്കുട്ടനും, കവർച്ച കേസ് പ്രതിയായ റംസാനുമാണ് ചാടിപ്പോയത്. 

ഇതിൽ മണിക്കുട്ടനെ അന്ന് രാത്രി തന്നെ എടക്കാട് പൊലീസ് പിടികൂടി. പക്ഷെ റംസാനെ പിടികൂടാൻ ഇനിയും കഴിഞ്ഞില്ല. ലോറി മോഷ്ടിച്ച് കടക്കുന്നതിന് ഇടയിലാണ് റംസാൻ കാസർകോട് വച്ച് ആദ്യം പൊലീസ് പിടിയിലാകുന്നത്. അന്തർസംസ്ഥാന വാഹനമോഷ്ടാക്കളുമായി  ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറയുന്നു. കാസർകോട് ജില്ലയിലേക്ക് റംസാൻ കടന്നേക്കാമെന്നാണ് പൊലീസിന്‍റെ നിഗമനം. 

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെങ്കിലും ആളുകളെല്ലാം മാസ്ക് ധരിച്ചിരിക്കുന്നതിനാൽ പ്രതിയെ തിരിച്ചറിയുന്നത് തലവേദനയാണ്. പ്രതിയുടെ ചിത്രം പത്ര ,ദൃശ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചുവെങ്കിലും ആളുകൾ ഇയാളെ തിരിച്ചറിയാൻ സാധ്യത കുറവാണ്. 

click me!