സിഎഎ അനുകൂല പരിപാടിയെ വിമര്‍ശിച്ച യുവതിയെ കയ്യേറ്റം ചെയ്തു; 29 ബിജെപി പ്രവര്‍ത്തക‍ര്‍ക്കെതിരെ കേസ്

By Web TeamFirst Published Jan 24, 2020, 2:56 PM IST
Highlights

തന്നെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി ആതിര എസ് നല്‍കിയ പരാതിയിലാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്

കൊച്ചി: എറണാകുളത്ത് പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നടത്തിയ പരിപാടിക്കിടെ എതിര്‍പ്പ് പ്രകടിപ്പിച്ച യുവതിയെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. സംഘാടകരായ 29 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്. സംഭവത്തിൽ സംഘാടകർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎമ്മും രംഗത്തെത്തിയിരുന്നു.

തന്നെ സംഘം ചേര്‍ന്ന് ആക്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി തിരുവനന്തപുരം സ്വദേശി ആതിര എസ് നല്‍കിയ പരാതിയിലാണ് നോര്‍ത്ത് പൊലീസ് കേസെടുത്തത്. കലൂര്‍ പാവക്കുളം ക്ഷേത്രത്തിന് സമീപം പൗരത്വ നിയമത്തെ അനുകൂലിച്ച് ബുധനാഴ്ച നടന്ന സെമിനാറിനിടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.

ബിജെപി പ്രവര്‍ത്തകരായിരുന്നു മാതൃയോഗം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. സമീപത്തെ ഹോസ്റ്റലില്‍ താമസിക്കുന്ന ആതിര വേദിയിലേക്ക് എത്തി പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തു. ഇതോടെ സംഘാടകര്‍ ചീത്ത വിളിച്ചും കയ്യേറ്റം ചെയ്തും യുവതിയെ ഇറക്കിവിടുകയായിരുന്നു. 

ആതിര സഭ്യമല്ലാത്ത ഭാഷയില്‍ തങ്ങളോട് സംസാരിച്ചെന്നും പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നുമുള്ള സംഘാടകരുടെ പരാതിയില്‍ നോര്‍ത്ത് പൊലീസ് കേസെടുത്തിരുന്നു. യുവതിയെ അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആതിര പൊലീസില്‍ പരാതി നല്‍കുന്നതും സംഘാടകര്‍ക്കെതിരെ കേസ് എടുക്കുന്നതും.

സംസ്ഥാനത്തെ ചില കുടുംബിനികൾക്കിടയിൽ വർഗീയത മതഭ്രാന്തിന് ഒപ്പം എത്തിയെന്ന് വെളിവാക്കുന്നതാണ് സംഭവം എന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു. സംഘാടകർക്ക് എതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Also Read: സിഎഎ അനുകൂല പരിപാടിയെ വിമര്‍ശിച്ച് എത്തിയ യുവതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

click me!