കൊച്ചി: എറണാകുളം പാവക്കുളം അമ്പലത്തിൽ സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിയിൽ പങ്കെടുത്ത സ്ത്രീകളെ വിമർശിച്ചെത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. തിരുവനന്തപുരം പേയാട് സ്വദേശി ആതിരയെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഇന്നലെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വൈറലായ സംഭവം. വിഎച്ച് പി മാതൃയോഗം സംഘടിപ്പിച്ച സിഎഎ അനുകൂല പരിപാടിക്കിടെ ആതിര കടന്ന് വരികയും  പരിപാടിയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയുമായിരുന്നു. ഇതോടെ പരിപാടിയിൽ പങ്കെടുത്ത് കൊണ്ടിരുന്ന സ്ത്രീകൾ ആതിരയെ പുറത്താക്കി.

ഇതിന് പിന്നാലെയാണ് ബിജെപി വ്യവസായ സെൽ കൺവീനറും പരിപാടിയുടെ മുഖ്യസംഘാടകയുമായ സജിനി നോർത്ത് പൊലീസിൽ പരാതി നൽകിയത്. പരിപാടിക്കിടെ അതിക്രമിച്ച് കയറിയെന്ന വകുപ്പ് ചുമത്തിയാണ് ആതിരക്കെതിരെ പൊലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ആതിര തയ്യാറായില്ല.
 

കഴിഞ്ഞ ദിവസം മുതലാണ് ഒരു യുവതി സിഎഎ അനുകൂല പരിപാടിക്കിടെ വേദിക്കരകിലെത്തി പ്രതിഷേധം അറിയിക്കുന്ന വീഡിയോ സോഷ്യല‍് മീഡിയയില്‍ പ്രചരിച്ചത്. വേദിക്കരികിലെത്തിയ യുവതി എന്തോ പറയുന്നതും തുടര്‍ന്ന് സദസിലും വേദിയിലുമുള്ള സ്ത്രീകള്‍ അവരെ ഓഡിറ്റോറിയത്തില്‍ നിന്ന് പുറത്താക്കുന്നതുമായിരുന്നു ദൃശ്യങ്ങളില്‍. കടുത്ത ഭാഷയില്‍ യുവതിയെ പരിപാടിക്കെത്തിയ സ്ത്രീകള്‍ ശകാരിക്കുന്നതും തള്ളിമാറ്റുന്നതും ഭീഷണിപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. 

അതിനിടെ യുവതിയോട് കൂട്ടത്തില്‍ ഒരു സ്ത്രീ പറഞ്ഞ വാക്കുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്ന് കടുത്ത വിമര്‍ശനവും പരിഹാസവും ഏറ്റുവാങ്ങേണ്ടി വന്നു.താന്‍ ഇതൊക്കെ തൊട്ടിരിക്കുന്നത്, എന്‍റെ രണ്ട് പെണ്‍മക്കളെ  ഒരു 'കാക്ക' തൊടാതിരിക്കാനാണ് എന്നായിരുന്നു സ്ത്രീ പറഞ്ഞത്. ഇതിന് പിന്നാലെ വ്യാപകമായ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.