
തൃശ്ശൂര്‍: തൃശ്ശൂര്‍ പാവറട്ടിയിൽ എക്സൈസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച കേസിലെ മുഖ്യപ്രതി വി എ ഉമ്മര്‍ കീഴടങ്ങി. എക്സൈസ് പ്രിവന്‍റീവ് ഓഫീസറായ ഉമ്മര്‍ കൂടി കീഴടങ്ങിയതോടെ കേസിലെ ഏഴ് പ്രതികളും പിടിയിലായി. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി ബിജു ഭാസ്‍കറിന്‍റെ മുന്നിലെത്തിയാണ് ഉമ്മര്‍ കീഴടങ്ങിയത്. എക്സൈസ് ഉദ്യോഗസ്ഥരായ മഹേഷ്, സ്മിബിൻ , എക്സൈസ് പ്രിവൻറീവ് ഓഫീസര്‍മാരായ അനൂപ്, ജബ്ബാര്‍, ബെന്നി, ഉമ്മര്‍ സിവില്‍ ഓഫീസര്‍ നിതിൻ എന്നിവരാണ് കേസിലെ പ്രതികള്‍. ഏഴ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. സംഘത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും ഒരേ ഉത്തരവാദിത്തമായതിനാലാണ് ഏഴ് പേർക്കെതിരെയും കൊലകുറ്റം ചുമത്തിയത്.
ഒക്ടോബര്‍ ഒന്നിനാണ്, കഞ്ചാവുമായി എക്സൈസ് പിടികൂടിയ മലപ്പുറം സ്വദേശിയായ രഞ്ജിത്ത് മരിച്ചത്. എക്സൈസ് ഉദ്യോഗസ്ഥരാണ് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയിലെത്തിക്കും മുമ്പേ രഞ്ജിത്ത് മരിച്ചിരുന്നു. അപസ്മാരത്തിന്‍റെ ലക്ഷണങ്ങൾ കാണിച്ചതിനാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും ജീപ്പിൽ നിന്നും രക്ഷപെട്ടോടാൻ പ്രതി ശ്രമിച്ചിരുന്നെന്നുമായിരുന്നു എക്സൈസ് ഉദ്യോഗസ്ഥർ നല്‍കിയ വിശദീകരണം. എന്നാല്‍ മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ആന്തരികരക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഇയാളുടെ ശരീരത്തില്‍ പന്ത്രണ്ടോളം ക്ഷതങ്ങള്‍ ഉണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. രഞ്ജിത്തിന്‍റെ മരണത്തിൽ ബന്ധുക്കളും ദൂരുഹത ആരോപിച്ചിരുന്നു.