
തിരുവനന്തപുരം: നഗരത്തിൽ ഓൺലൈൻ ഓട്ടോ, ടാക്സികൾക്കായി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഏർപ്പെടുത്തി. രാത്രികാലങ്ങളിലടക്കം നഗരത്തിൽ സർവീസ് നടത്തുന്ന ഡ്രൈവർമാരിൽ കുറ്റവാളികളുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സിറ്റി പൊലീസ് തീരുമാനം. ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും ഇതില്ലാത്തവരെ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ അറിയിച്ചു.
രാത്രികാലങ്ങളിൽ സർവീസ് നടത്തുന്ന ഓൺലൈൻ ടാക്‌സി, ഓട്ടോ, ടൂ വീലർ ഡ്രൈവർ/ റൈഡർ മാരും പൊലീസ് ഉദ്യോഗസ്‌ഥർ ആവശ്യപ്പെടുമ്പോൾ നോൺ ഇൻവോൾവ്മെന്‍റ് ഇൻ ഒഫൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാധ്യസ്‌ഥരാണെന്ന് പൊലീസ് അറിയിച്ചു. സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ വീഴ്‌ച വരുത്തുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതാണെന്നും മുന്നറിയിപ്പുണ്ട്. കഴിഞ്ഞയാഴ്ച നഗരത്തിലെ പ്രമുഖ സൂപ്പർമാർക്കറ്റിൽനിന്ന് ഓൺലൈൻ ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് ഡ്രൈവർ മോശമായി പെരുമാറാൻ ശ്രമിച്ച സംഭവത്തെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രിമിനൽ പട്ടികയിലുള്ളവരും ഡ്രൈവർമാരായി രാത്രികാലങ്ങളിൽ നഗരത്തിൽ ജോലി ചെയ്യുന്നത് മനസിലായത്.
ഇതോടെയാണ് കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ നിയന്ത്രണം കർശനമാക്കാൻ പൊലീസ് തീരുമാനിച്ചത്. പൊലീസിന്‍റെ മൊബൈൽ ആപ്പ് ആയ പോൾ അപ്പ് വഴി ഇതിനുള്ള അപേക്ഷ നൽകാം. പൊലീസ് അപേക്ഷ പരിശോധിച്ച് സർട്ടിഫിക്കറ്റ് അനുവദിക്കും. നഗരത്തിൽ ഊബർ, റാപിഡോ തുടങ്ങി നിരവധി ഓൺലൈൻ ടാക്സി സർവീസുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ഭാഗമായി ബൈക്ക്, ഓട്ടോ, കാർ തുടങ്ങിയ സേവനങ്ങളാണ് യാത്രക്കാർക്ക് ലഭ്യമാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam