സർക്കാരിനും പൊലീസിനെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ. സിപിഎമ്മിൻ്റെ ഐ പി ബിനുവിനെയും ബിജെപിയുടെ ആർ സുഗതനെയും തെളിവെടുപ്പിനിടെ എത്തിച്ച ചിത്രങ്ങൾ പങ്കുവെച്ചാണ് വിമർശനം.

തിരുവനന്തപുരം: കോൺഗ്രസ് സർക്കാരിന്റെയും പൊലീസിന്റെയും സംഘപരിവാർ അനുകൂല നിലപാടും ഒളിഞ്ഞുകിടക്കുന്ന കോൺഗ്രസ് - ബിജെപി കൂട്ടുകെട്ടും മറനീക്കി പുറത്തുവരികയാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ. വ്യത്യസ്ത കേസുകളിൽ ജയിലിൽ കഴിയുന്ന സിപിഎമ്മിൻ്റെ ഐ പി ബിനുവിനെയും ബിജെപിയുടെ ആർ സുഗതനെയും തെളിവെടുപ്പിനിടെ എത്തിച്ച ചിത്രങ്ങൾ പങ്കുവെച്ചാണ് വി ജോയ്‍യുടെ വിമർശനം. ഐ പി ബിനുവിന് കൈവിലങ്ങുള്ളതും സുഗതന് വിലങ്ങ് ഇല്ലാത്തതും പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഇരട്ടനീതിയുടെ ഏറ്റവും വലിയ തെളിവാണെന്ന് വി ജോയ് വിമർശിച്ചു.

വി ജോയ്‍യുടെ ഫേസ്ബുക്ക് പോസ്റ്റ്

"പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഇരട്ടനീതിയുടെ ഏറ്റവും വലിയ തെളിവ്! ഈ രണ്ട് ചിത്രങ്ങൾ ശ്രദ്ധിക്കുക: ഐ പി ബിനുവിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ വിലങ്ങണിയിച്ച പൊലീസിന്റെ കർശനമായ നിലപാടാണ് ഒരുവശത്ത്. എന്നാൽ മറുവശത്ത് കൊലപാതകശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് കാപ്പ (KAAPA) ചുമത്തി വിയ്യൂർ ജയിലിൽ കിടക്കുന്ന ബിജെപി കൗൺസിലർ സുഗതനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ ഒരു കൈവിലങ്ങുപോലുമില്ലാതെയാണ് പോലീസ് സ്വീകരിച്ചത്!

കോൺഗ്രസ് സർക്കാരിന്റെയും പോലീസിന്റെയും സംഘപരിവാർ അനുകൂല നിലപാടും ഒളിഞ്ഞുകിടക്കുന്ന കോൺഗ്രസ് - ബിജെപി കൂട്ടുകെട്ടും ഇതിലൂടെ മറനീക്കി പുറത്തുവരികയാണ്".

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ നടന്ന റെയ്ഡിന് ശേഷം മടങ്ങിയ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലറുമായ ഐ പി ബിനു അറസ്റ്റിലായത്. കേസിൽ ബിനു അടക്കം 25 സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായത്. പ്രതികൾ പൂജപ്പുര സെൻട്രൽ ജയിലിലാണ് തടവിൽ കഴിയുന്നത്. അതേസമയം കാപ്പ കേസിൽ വിയ്യൂർ ജയിലിൽ തടവിൽ കഴിയുകാണ് വാഴോട്ടുകോണം കൗൺസിലറായ ആർ സുഗതൻ.