ബാലഭാസ്കറിന്‍റെ വാഹനമോടിച്ച അർജുൻ നാട് വിട്ടു, ദുരൂഹത: ഇടപാടുകൾ പരിശോധിക്കാൻ പൊലീസ്

By Web TeamFirst Published Jun 7, 2019, 12:05 PM IST
Highlights

ബാലഭാസ്കറിന്‍റെ വാഹനം തൃശ്ശൂർ നിന്ന് പുറപ്പെടുമ്പോൾ ഓടിച്ചിരുന്നത് അർജുനാണെന്ന് കണ്ടെത്തി. അമിതവേഗതയിൽ പോയ വാഹനം മോട്ടോർ വാഹനവകുപ്പിന്‍റെ ക്യാമറയിൽ പെട്ടിരുന്നു.

തിരുവനന്തപുരം: ബാലഭാസ്കറിന്‍റെ വാഹനമോടിച്ച അർജുൻ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും അറിയിക്കാതെ കേരളം വിട്ടു. ശാരീരിക അവശതകളുള്ള, ഗുരുതരമായി പരിക്കേറ്റ അർജുൻ അസമിലാണിപ്പോൾ എന്നാണ് മാതാപിതാക്കൾ മൊഴി നൽകിയിരിക്കുന്നത്. കേസിലെ അന്വേഷണം വഴിത്തിരിവിലെത്തിയ സാഹചര്യത്തിൽ അർജുൻ കേരളം വിട്ടതിൽ ദുരൂഹത സംശയിക്കുകയാണ് ക്രൈംബ്രാഞ്ച്. ബാലഭാസ്കറിന്‍റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പൂന്തോട്ടം ആശുപത്രി ഉടമ ജിഷ്ണുവും കേരളത്തിലില്ല. ജിഷ്ണു ഹിമാലയ യാത്രയ്ക്ക് പോയെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു.

ബാലഭാസ്കറിന്‍റെ മരണത്തിൽ ദുരൂഹത ആരോപിക്കപ്പെടുമ്പോൾ കേസുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട രണ്ട് പേരുടെ മൊഴിയെടുക്കാൻ കഴിയാതെ പൊലീസിന് കഴിയുന്നില്ല. അപകടം നടക്കുമ്പോൾ വാഹനമോടിച്ചത് ബാലഭാസ്കറാണെന്നും അല്ല അർജുനാണെന്നുമുള്ള പരസ്പരവിരുദ്ധമായ മൊഴികൾ സ്ഥിരീകരിക്കാനും ഇതുവരെ പൊലീസിനായിട്ടില്ല. 

231 കിമീ സഞ്ചരിക്കാൻ വെറും രണ്ടര മണിക്കൂർ

അതേസമയം, തൃശ്ശൂരിൽ നിന്ന് വാഹനം പുറപ്പെടുമ്പോൾ വണ്ടിയോടിച്ചത് അർജുനാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടി. അമിത വേഗതയിലാണ് വാഹനം തൃശ്ശൂരിൽ നിന്ന് പുറപ്പെട്ടപ്പോൾത്തന്നെ സഞ്ചരിച്ചത്. ഒരു മണിയോടെ വാഹനം അമിത വേഗതയിൽ സഞ്ചരിച്ചപ്പോൾ മോട്ടോർ വാഹനവകുപ്പിന്‍റെ ക്യാമറയിൽ പെട്ടിരുന്നു. 

ഇത് ഒരു പ്രധാനതെളിവായി കണക്കിലെടുക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. അപകടമുണ്ടായ ദിവസം വാഹനം 231 കിലോമീറ്റർ സഞ്ചരിക്കാനെടുത്തത് വെറും രണ്ടര മണിക്കൂറാണ്. വാഹനത്തിൽ ഒരു കൊച്ചു കുഞ്ഞിനെയും വച്ചാണ് ഇത്ര അമിതവേഗതയിൽ വാഹനമോടിയത്. 

തിരുവനന്തപുരത്തിന് അടുത്ത് വച്ച് വാഹനം അപകടത്തിൽ പെടുമ്പോൾ മുൻസീറ്റിലിരുന്നയാളുടെ കാല് കുടുങ്ങിക്കിടക്കുകയായിരുന്നെന്നും രക്ഷിക്കാൻ അയാൾ നിലവിളിക്കുകയായിരുന്നെന്നുമാണ് സാക്ഷിമൊഴികൾ. കുഞ്ഞ് മുന്നിൽ ബ്രേക്കിന്‍റെ തൊട്ടടുത്ത് കുരുങ്ങിക്കിടക്കുകയായിരുന്നു. ലക്ഷ്മി മുൻസീറ്റിലായിരുന്നു. പിൻസീറ്റിലിരുന്നയാൾ മുന്നോട്ട് തെറിച്ച് പരിക്കേറ്റ് ബോധമില്ലാതെ കിടക്കുകയായിരുന്നു. എന്നാൽ ആരാണ് വാഹനമോടിച്ചതെന്നതിൽ ഇപ്പോഴും പൊലീസിന് കൃത്യമായ തെളിവുകളില്ല. അർജുൻ തന്നെയാണ് വാഹനമോടിച്ചതെന്നാണ് ഭാര്യ ലക്ഷ്മി മൊഴി നൽകിയിരിക്കുന്നത്. അർജുൻ ആദ്യം മൊഴി നൽകിയത് ബാലഭാസ്കറാണെന്നും. 

വണ്ടിയോടിച്ചത് ആര്?

അർജുനാണോ ബാലഭാസ്കറാണോ വണ്ടിയോടിച്ചതെന്ന് സ്ഥിരീകരിക്കാൻ  സിസിടിവി ദൃശ്യങ്ങൾ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കാൻ ഒരുങ്ങുകയാണ് പൊലീസ്. കൊല്ലത്ത് വണ്ടി നിർത്തി ജ്യൂസ് കുടിച്ച കടയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. രാത്രി 11.30-യ്ക്കാണ് ബാലഭാസ്കർ യാത്ര തുടങ്ങിയതെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പാലക്കാട്ടെ പൂന്തോട്ടത്തിൽ ആയുർവേദ ആശുപത്രി ഉടമകളിലൊരാളായ ഡോ. രവീന്ദ്രന്‍റെ ഭാര്യ ലതയുടെ ബന്ധുവീട്ടിൽ വച്ച് ഭക്ഷണം കഴിച്ച ശേഷമാണ് യാത്ര തുടങ്ങിയത്. യാത്ര തുടങ്ങി ഒരു മണിക്കൂറിനകം അമിത വേഗതയ്ക്ക് വാഹനം സിസിടിവിയിൽ പെടുമ്പോൾ വണ്ടിയോടിച്ചത് അർജുനാണ്. 

രണ്ട് തെളിവുകൾ നിർണായകം

രണ്ട് പ്രധാന തെളിവുകൾക്കായി കാക്കുകയാണ് അന്വേഷണസംഘം. കാർ നിർത്തി ബാലഭാസ്കറും കുടുംബവും ജ്യൂസ് കുടിച്ചതിന്‍റെ സിസിടിവി ദൃശ്യങ്ങൾ. രണ്ട് കാറിന്‍റെ ഡ്രൈവിംഗ് സീറ്റിലെ രക്തക്കറ ആരുടേതെന്നതിന്‍റെ ശാസ്ത്രീയ പരിശോധനാ ഫലം. ഇത് രണ്ടും ലഭിച്ചാൽ ആരാണ് വണ്ടിയോടിച്ചതെന്ന് വ്യക്തമാവും. അർജുന്‍റേത് ഡ്രൈവിംഗ് സീറ്റിലിരുന്നാലുണ്ടാകുന്ന പരിക്കുകളെന്നാണ് പൊലീസ് പറയുന്നത്. 

അർജുൻ അസമിലോ, ജിഷ്ണു എവിടെ?

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു അർജുന്. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുമ്പോൾ ബോധമുണ്ടായിരുന്നില്ല. ഗുരുതരസ്ഥിതി മാറാൻ ദിവസങ്ങളെടുത്തു. ശാരീരികമായി അവശതകളുള്ള അർജുൻ പക്ഷേ ഇപ്പോൾ കേരളത്തിലില്ല എന്നതാണ് ദുരൂഹത കൂട്ടുന്നത്. വയ്യാത്ത ഒരാൾ ഇത്ര ദൂരം യാത്ര ചെയ്യുന്നതെങ്ങനെ എന്നാണ് പൊലീസിന് മുന്നിലുള്ള ചോദ്യം. ബാലഭാസ്കറിന്‍റെ കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പൂന്തോട്ടത്തിൽ ആയുർവേദ ആശുപത്രി ഉടമകളിലൊരാളായ ജിഷ്ണുവും കേരളം വിട്ടു. ജിഷ്ണു ഹിമാലയ യാത്രയ്ക്ക് പോയതാണെന്നാണ് അച്ഛനമ്മമാർ മൊഴി നൽകിയിരിക്കുന്നത്. കേസ് നിർണായക വഴിത്തിരിവിലെത്തി നിൽക്കുമ്പോൾ ഇരുവരുടെയും തിരോധാനത്തിൽ വൻ ദുരൂഹതയാണുള്ളത്.

സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ പൊലീസ്

സ്വർണക്കടത്ത് കേസിൽ ബാലഭാസ്കറിന്‍റെ സുഹൃത്തുക്കൾ പ്രതികളായതോടെ ഗായകന്‍റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ഇതിനായി ബാങ്കുകളിൽ പൊലീസ് അപേക്ഷ നൽകി. ഡിവൈഎസ്പി ഹരികൃഷ്ണന്‍റെ നേതൃത്വത്തിലാണ് അന്വേഷണം. 

 

 

click me!