
ആലപ്പുഴ: രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളുടെ ഞെട്ടലിൽ നിൽക്കുന്ന ആലപ്പുഴയിൽ ഇന്ന് ചേർന്ന സമാധാന യോഗം അവസാനിച്ചു. സമാധാനം നിലനിർത്താൻ യോഗം ആഹ്വാനം ചെയ്തു. കൊലപാതകത്തിന്റെ തുടർച്ചയായി അക്രമം ഉണ്ടാവാതിരിക്കാൻ യോഗത്തിൽ രാഷ്ട്രീയ നേതാക്കൾ തമ്മിൽ തീരുമാനിച്ചു.
കൊലപാതകികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പുനൽകി. കൊലപാതകത്തെ യോഗം ഒറ്റക്കെട്ടായി അപലപിച്ചു. പരാതികളുള്ളവർ ജില്ലാ ഭരണകൂടത്തെ നേരിട്ട് അറിയിക്കണമെന്ന് യോഗത്തിൽ സർക്കാർ ആവശ്യപ്പെട്ടു.
ആരും പരസ്പരം ചെളിവാരി എറിയുന്ന തരത്തിൽ പ്രസ്താവനകൾ നടത്തരുത്, എല്ലാവരും സമാധാനം നിലനിർത്താൻ സഹകരിക്കണം. അന്വേഷണത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ഇരു കൊലപാതകങ്ങൾക്കും പിന്നിലെ ഗൂഢാലോചനകളിൽ പങ്കാളികളായവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സർക്കാർ വ്യക്തമാക്കി.
ആലപ്പുഴയിൽ പോലീസിന് വീഴ്ച ഇല്ലെന്ന് യോഗത്തിൽ സജി ചെറിയാൻ പറഞ്ഞു. പൊലീസ് വീഴ്ച മാധ്യമ സൃഷ്ടി മാത്രമാണ്. പോലീസിനെ മാനസികമായി ശക്തിപ്പെടുത്താൻ ആണ് എല്ലാവരും ശ്രമിക്കേണ്ടത്. രാഷ്ട്രീയ പാർട്ടികൾ സമാധാനത്തിനു പ്രത്യേക യോഗം വിളിക്കും. മതപരമായ പ്രശ്നം ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തും, അതിൽ എല്ലാ പാർട്ടികളും സഹകരിച്ചിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam