Sanjith Murder: സഞ്ജിത്ത് വധക്കേസ്; അന്വേഷണത്തിൽ അതൃപ്തി, സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

By Web TeamFirst Published Dec 21, 2021, 6:32 PM IST
Highlights

ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട് മുപ്പത്തിയെട്ട് ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികളേയും പൊലീസിന് പിടികൂടാനായില്ല. ഇതോടെയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

പാലക്കാട്: പാലക്കാട് ആര്‍എസ്എസ് (RSS) പ്രവര്‍ത്തകൻ സഞ്ജിത്തിനെ (Sanjith) കൊല്ലപ്പെടുത്തിയ കേസിൽ സിബിഐ (CBI) അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹര്‍ജി നൽകി. സഞ്ജിത്തിന്റെ ഭാര്യ അർഷികയാണ് ഹൈക്കോടതിയെ സമീപിച്ചത്. നിലവിലെ അന്വേഷണത്തിൽ തൃപ്തരല്ലെന്നും കുടുംബം ഹര്‍ജിയിൽ പറയുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകൻ സഞ്ജിത്ത് കൊല്ലപ്പെട്ട് മുപ്പത്തിയെട്ട് ദിവസം കഴിഞ്ഞിട്ടും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻ പ്രതികളേയും പൊലീസിന് പിടികൂടനായിട്ടില്ല. ഇതിനെ തുടര്‍ന്നാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെ മാത്രമാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. 

ഗൂഡാലോചനയില്‍ പങ്കെടുത്തവരടക്കം എട്ടു പ്രതികളുണ്ടെന്ന് പൊലീസ് വ്യക്തമാക്കുമ്പോഴും അഞ്ചുപേരിപ്പോഴും ഒളിവില്‍ തുടരുന്ന സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് സഞ്ജിത്തിന്‍റെ കുടുംബം പറയുന്നത്. കൊലപാതകത്തിന് പിന്നിലെ ഗൂഡാലോചന പുറത്തു കൊണ്ടുവരാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം ആവശ്യമാണെന്നും സഞ്ജിത്തിന്റെ കുടുംബം ഹർജിയിൽ പറയുന്നു.

പ്രതികളുടെ പേരും വിവരങ്ങളും ഇതിനോടകം കണ്ടെത്താനായിട്ടുണ്ടെന്നും, ഇവരുടെ വീടുകളിലും ഇവരെത്താനിടയുള്ള സ്ഥലങ്ങളിലും നിരീക്ഷണവും പരിശോധനയും തുടരുകയാണെന്നുമാണ്  നിലവിലെ അന്വേഷണം സംഘം പറയുന്നത്. കഴിഞ്ഞമാസം പതിന‌ഞ്ചിന് പട്ടാപ്പകല്‍ ഭാര്യയുടെ മുന്നിലിട്ടാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്.

click me!