സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകര്‍, 6 പേരെ തിരിച്ചറിഞ്ഞു; 3 പേര്‍ ആശുപത്രിയില്‍

Published : Aug 28, 2022, 01:20 AM IST
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് എബിവിപി പ്രവര്‍ത്തകര്‍, 6 പേരെ തിരിച്ചറിഞ്ഞു; 3 പേര്‍ ആശുപത്രിയില്‍

Synopsis

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്.  സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ മൂന്ന് പേരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുലര്‍ച്ചെ സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിനേ നേരെ ആക്രമണം നടത്തിയവരെ പൊലീസ് തിരിച്ചറിഞ്ഞു. സിപിഎം ഓഫീസിന് നേരെ കല്ലെറിഞ്ഞത് എബിവിപി പ്രവര്‍ത്തകരാണെന്ന് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ വ്യക്തമായി. ഇതില്‍ ആറ് പേരെ തിരിച്ചറിഞ്ഞെന്ന് പൊലീസ്  വ്യക്തമാക്കി. സിസിടിവിയിൽ നിന്ന് ആണ് പ്രതികളെ തിരിച്ചറിഞ്ഞത്. മൂന്നുപേർ ആറ്റുകാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 

കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു മേട്ടുക്കടയിലുള്ള ജില്ലാ കമ്മിറ്റി ഓഫീസിന് നേകെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം ഓഫീസിന് നേരെ കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറിയുടെ കാറിന് കേടുപാടുണ്ടായി. വഞ്ചിയൂര്‍ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയായാണ് ആക്രമണം നടന്നതെന്നാണ് പൊലീസ് പറയുന്നത്. 

എൽഡിഎഫ് മേഖലാ ജാഥ കടന്നുപോകുന്നതിനിടെ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം കൗൺസിലര്‍ ഗായത്രി ബാബുവിന് എംബിവിപിക്കാര്‍ നിവേദനം നൽകിയതിനെച്ചൊല്ലിയായിരുന്നു വഞ്ചിയൂരില്‍ എബിവിപി സിപിഎം സംഘര്‍ഷം നടന്നത്. സംഘര്‍ഷത്തിന് പിന്നാലെ എബിവിപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെ കല്ലേറുണ്ടായിരുന്നു. വഞ്ചിയൂരിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരടക്കമാണ് മേട്ടുക്കടയില്‍ സിപിഎം ഓഫീസിന് കല്ലെറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 

സംഘർഷത്തിന് ശേഷം ആറ്റുകാലുള്ള ആശുപത്രിയിൽ ചികിത്സയില്‍ കഴിയുകയായിരുന്ന എ ബി വി പി പ്രവർത്തകരാണ് പുലര്‍ച്ചെ എത്തി സിപിഎം ഓഫീസ് ആക്രമിച്ചത്. അക്രമികള്‍ ബൈക്ക് നിർത്താതെ കല്ലെറിഞ്ഞ് മേട്ടുക്കട ഭാഗത്തേക്ക് പോയി എന്നാണ് ഓഫീസ് ജീവനക്കാർ പറയുന്നത്. മൂന്ന് ബൈക്കിൽ ആറ് പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നത്.  ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നില്‍ രണ്ട് പൊലീസുകാര്‍ കാവൽ ഉണ്ടായിരുന്നു. അക്രമികളെ പിടിക്കാന്‍ പൊലീസുകാർ പിന്നാലെ ഓടിയെങ്കിലും രക്ഷപെടുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. 

ആറ്റുകാലിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ മൂന്ന് പേരെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാം എബിവിപി പ്രവര്‍ത്തകരാണെന്ന് പൊലീസ് പറയുന്നു. അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ എങ്ങനെ പ്രതികളാകും എന്ന് ബി ജെ പി നേതാക്കൾ ചോദിക്കുന്നു. സി സി ടി വി ദൃശ്യങ്ങളിൽ ഇവരാണ് പ്രതികളെന്ന് വ്യക്തമാണെന്ന മറുപടിയാണ് പൊലീസ് നൽകുന്നത്.

Read More : സിപിഎം ഓഫീസ് ആക്രമണം: അന്വേഷണത്തിന് ഒടുവിൽ പൊലീസിന് 'തത്വമസി' എന്ന് എഴുതേണ്ടി വരുമെന്ന് കെ.സുരേന്ദ്രൻ
 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം