'എകെജി സെന്റർ ആക്രമിച്ചത് നീ തന്നെ, സിപിഎം ഓഫീസ് ആക്രമിച്ചത് നീ തന്നെ'... ഇതാകും കണ്ടെത്തലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ
പാലക്കാട്: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന സിപിഎം ആരോപണം തള്ളി ബിജെപി. സിപിഎം അനാവശ്യ പ്രശ്നം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണം സിപിഎം തന്നെ ആസൂത്രണം ചെയ്തതാണെന്ന് സുരേന്ദ്രൻ പറഞ്ഞു. എകെജി സെന്റർ ആക്രമണം പോലെ തന്നെയാണ് ഇതും. നിലവിലെ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം. അന്വേഷണത്തിന് ഒടുവിൽ പൊലീസിന് 'തത്വമസി' എന്ന് എഴുതേണ്ടി വരുമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 'എകെജി സെന്റർ ആക്രമിച്ചത് നീ തന്നെ, സിപിഎം ഓഫീസ് ആക്രമിച്ചത് നീ തന്നെ'... ഇതാകും കണ്ടെത്തലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
നേരത്തെ ബിജെപി ജില്ലാ കമ്മിറ്റിയും സിപിഎം ആരോപണം തള്ളിയിരുന്നു. സ്വർണക്കടത്ത് കേസ് പ്രതിരോധിക്കാൻ എകെജി സെന്ററിന് നേരെ പന്നിപ്പടക്കം എറിഞ്ഞവർ തന്നെയാണ് ജില്ലാ കമ്മിറ്റി ഓഫീസും ആക്രമിച്ചതെന്നായിരുന്നു ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ ആരോപണം. നേതൃത്വത്തിന്റെ പിടിപ്പുകേട് മറച്ചുപിടിക്കാനാണ് സിപിഎം സ്വന്തം ഓഫീസ് ആക്രമിച്ചത്. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം എബിവിപി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നും വി.വി.രാജേഷ് ആവശ്യപ്പെട്ടു.
'എകെജി സെന്ററിന് പന്നിപ്പടക്കം എറിഞ്ഞവരാണ് സിപിഎം ജില്ലാ കമ്മറ്റി ഓഫീസും ആക്രമിച്ചത്': വിവി രാജേഷ്
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടന്നത്. മൂന്ന് ബൈക്കുകളിലെത്തിയ ആറംഗ സംഘമാണ് ആക്രമണം നടത്തിയത് എന്ന് സിസിടിവി ദൃശ്യങ്ങളിലുണ്ട്. മൂന്ന് ബൈക്കുകളും നിര്‍ത്താതെ വേഗത കുറച്ച് കല്ലെറിഞ്ഞ ശേഷം അതിവേഗത്തില്‍ ഓടിച്ച് പോവുകയായിരുന്നു. ഓഫീസിന് പുറത്തുണ്ടായ പൊലീസുകാര്‍ ബൈക്കിന്‍റെ പിറകെ ഓടിയെങ്കിലും പ്രതികളെ പിടികൂടാനായില്ല.
സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പാർട്ടി ഓഫീസുകൾക്കും പ്രവർത്തകർക്കും നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ ബഹുജനാഭിപ്രായം ഉയരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. പ്രകോപനങ്ങളിൽ വശംവദരാകരുതെന്ന് മുഴുവൻ ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് മുഖ്യമന്ത്രി സന്ദർശിച്ചു.
