
കാലടി: കാലടി എംസി റോഡിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വയനാട് സ്വദേശി ജോബിഷ് ജോർജ് ആണ് മരിച്ചത്. മറ്റുർ ജംഗ്ഷനും മരോടിച്ചോടിനു ഇടയിൽ വച്ചായിരുന്നു അപകടം. സ്വകാര്യ ബസിലെ ഡ്രൈവറാണ് ജോബിഷ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോൾ രാത്രി 9 മണിയോടെയായിരുന്നു അപകടം. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കണ്ണൂര്‍: തലശ്ശേരി ജനറലാശുപത്രിയിൽ മരിച്ച നവജാത ശിശുവിൻ്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്നു ലഭ്യമാകും. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിൻ്റെയും അശ്വതിയുടെയും കുഞ്ഞാണ് 26 ന് ഉച്ചക്ക് പ്രസവിച്ചയുടനെ മരിച്ചത്. കുഞ്ഞ് മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും ചികിൽസിക്കുന്ന ഡോക്ടർ സിസേറിയൻ ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ആരോപണം. ഡോക്ടർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബന്ധുക്കൾ തലശ്ശേരി പൊലീസിൽ പരാതി നൽകുകയും ചെയ്തു. പോസ്റ്റ്മോർട്ടം പരിശോധന ഫലം വന്നാലെ മരണകാരണം വ്യക്തമാവൂയെന്നും അതിനു ശേഷം പ്രതികരിക്കാമെന്നുമായിരുന്നു ആശുപത്രി RMO യുടെ നിലപാട്.
തിരുവനന്തപുരം: സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് രാത്രിയിൽ ആക്രമിച്ച പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പൊലിസ്. സി പി എം ഓഫീസിലേക്ക് കല്ലെറിഞ്ഞത് എ ബി വി പി പ്രവർത്തകരാണെന്നാണ് പൊലീസ് പറയുന്നത്.സംഘർഷത്തിന് ശേഷം ആറ്റുകാലുള്ള ആശുപത്രിയിൽ ചികിത്സയിലുള്ള എ ബി വി പി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നാണ് വ്യക്തമാകുന്നത്. ചികിത്സക്കിടെയാണ് ഇവർ ഓഫീസിൽ കല്ലെറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. വഞ്ചിയൂരിൽ ഉണ്ടായ സംഘർഷത്തിലാണ് ഇവർക്ക് പരിക്കേറ്റതും ചികിത്സ തേടിയതും. ഇതിന് പിന്നാലെയാണ് സി പി എം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ആക്രമണമുണ്ടായത്. ചികിത്സയിലുള്ളവർ എങ്ങനെ പ്രതികളാകും എന്ന് ബി ജെ പി നേതാക്കൾ ചോദിക്കുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളിൽ ഇവരാണ് പ്രതികളെന്ന് വ്യക്തമാണെന്ന മറുപടിയാണ് പൊലീസ് നൽകുന്നത്.
സി പി എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നിൽ നിർത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‍റെ കാറിനടക്കം കേടുപാടുണ്ടായിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ആര്‍ എസ് എസ് ആണെന്നാണ് സി പി എം ആരോപിക്കുന്നത്. പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും വഞ്ചിയൂര്‍ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തന്നെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലിൽ ബിജെപിയും യുഡിഎഫും നടത്തുന്ന ആക്രമണങ്ങളുടെ തുടർച്ചയാണ് സിപിഎം ജില്ലാ ഓഫീസിന് നേരെയുള്ള കല്ലേറ് എന്ന് മേയർ ആര്യാ രാജേന്ദ്രൻ ആരോപിച്ചിട്ടുണ്ട്.