Latest Videos

ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസില്‍ വഴിത്തിരിവ്: മുഖ്യപ്രതി സിനിമ നിര്‍മ്മാതാവെന്ന് പൊലീസ്

By Web TeamFirst Published Nov 21, 2019, 6:49 PM IST
Highlights

ധ്യാന്‍ ശ്രീനിവാസന്‍- അജു വര്‍ഗ്ഗീസ് ചിത്രം ഗൂഢാലോചന, ജയസൂര്യ ചിത്രം ഇടി എന്നിവയുടെ നിര്‍മ്മാതാവായ ഡോ. അജാസ് മുഹമ്മദാണ് രവി പൂജാരക്ക് വേണ്ടി ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് ആസൂത്രണം ചെയ്തതെന്ന് പൊലീസ്. 

കൊച്ചി: നടി ലീനാ മരിയാ പോളിന്‍റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി പാർലറിന് നേരെ വെടിവയ്പ്പുണ്ടായ കേസിൽ നിർണായക വഴിത്തിരിവ്. വെടിവയ്പ്പ് ആസൂത്രണം ചെയ്തത് സിനിമാ നിർമ്മാതാവ്  ഡോക്ടർ അജാസെന്ന് ക്രൈബ്രാംഞ്ചിന്‍റെ കണ്ടെത്തി. അധോലക കുറ്റവാളി രവി പൂജാരിക്ക് വേണ്ടിയായിരുന്നു അജാസ് ക്വട്ടേഷൻ ഏറ്റെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം ജില്ലാ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണ്ണായക വെളിപ്പെടുത്തൽ. ഇടി, ഗൂഡാലോചന തുടങ്ങി സമീപകാലത്ത് ഇറങ്ങിയ മലയാള സിനിമകളുടെ നിർമ്മാതാവും ഡോക്ടറുമായ കൊല്ലം സ്വദേശി അജാസാണ് വെടിവയ്പ്പ് ആസുത്രണം ചെയ്തതെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

കേസില്‍ ഇടക്കാല റിപ്പോർട്ടിന് പുറമെ അനുബന്ധ കുറ്റപത്രവും ക്രൈംബ്രാഞ്ച് ഉടൻ സമർപ്പിക്കും. ക്രൈംബ്രാ‌ഞ്ച് അന്വേഷണം തന്നിലേക്ക് എത്തുമെന്നതറിഞ്ഞതോടെ അജാസ് വിദേശത്തേക്ക് കടന്നതായാണ് വിവരം. അജാസിനെ കൂടാതെ കേസിൽ ഇനി പിടിയിലാവാനുള്ള മോനായി എന്ന നിസാമും ദുബായിലേക്ക് കടന്നതായി ഡിവൈഎസ്പി ജോസി ചെറിയാൻ പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ 15നായിരുന്നു നടി ലീനാ മരിയാ പോളിന്‍റെ ഉടമസ്ഥതയിൽ കൊച്ചി പനമ്പള്ളി നഗറിൽ പ്രവർത്തിക്കുന്ന  ബ്യൂട്ടി പാര്‍ലറിനു നേരെ വെടിപയ്പ്പ് നടന്നത്. വെടിവെപ്പിന് ശേഷം രവി പൂജാരി എന്നെഴുതി കടലാസ് സ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു സംഘം മടങ്ങിയത്. പിന്നീട് വെടിവെപ്പിന്‍റെ ഉത്തരവാദിത്വം  ഏറ്റെടുത്ത് അധോലോകരാജാവ് രവി പൂജാരി രംഗത്ത് എത്തിയതോടെ സംഭവം വന്‍വിവാദമായി. 
 
നടിയെ ഭീഷണിപ്പെടുത്തി പണംതട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗമായിരുന്നു വെടിവെയ്‌പ്പ്. വെടിവെപ്പ് നടത്തിയ  ബിലാൽ, ബിബിൻ എന്നിവരെയും ഇവർക്ക് ബൈക്കും തോക്കും എത്തിച്ച് നൽകിയ കാസർകോട് സ്വദേശി അൽത്താഫിനെയും പോലീസ് പിടികൂടിയിരുന്നു. അല്‍ത്താഫിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അജാസിനെക്കുറിച്ചുള്ള വിവരം അന്വേഷണസംഘത്തിന് ലഭിച്ചത്. സംഭവത്തിന്‍റെ മുഖ്യആസൂത്രകനായ രവി പൂജാരി സെനഗലിൽ ഇതിനിടെ പിടിയിലായെങ്കിലും ഇയാളെ കേരളത്തിൽ എത്തിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല.

click me!