
വയനാട്: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ററി സ്കൂളിൽ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അധ്യാപകരെ വിമര്‍ശിച്ച് ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടി. നമ്മുടെ ഭാവി! എന്ന് തുടങ്ങിയ കുറിപ്പില്‍ അധ്യാപകരെ വിമര്‍ശിക്കുന്നതിനൊപ്പം ഇത്തരക്കാർ പഠിപ്പിക്കുന്ന സ്‌കൂളിൽ പഠിച്ചിട്ടും, ഉണ്ടായ കാര്യങ്ങൾ ആരും പറഞ്ഞുകൊടുക്കാതെ കാമറക്ക് മുൻപിൽ ആരെയും പേടിക്കാതെ പറയാൻ ധൈര്യമുള്ള കുട്ടികളുണ്ടായതിനെ ആശ്വാസവും അദ്ദേഹം രേഖപ്പെടുത്തി.
എന്തുകൊണ്ടാണ് കുട്ടിയെ കൊണ്ടുപോയ ആശുപത്രിയിൽ വേണ്ടത്ര രോഗനിർണ്ണയവും ചികിത്സയും കിട്ടാതിരുന്നത് എന്നതും എന്നെ അന്പരപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു.
മുരളി തുമ്മാരുകുടിയുടെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
നമ്മുടെ ഭാവി!
ക്ലാസ് റൂമിൽ ചെരുപ്പിട്ടാൽ ദേഷ്യപ്പെടുന്ന അധ്യാപകർ...
എന്നെ പാന്പ് കടിച്ചു എന്ന് കുട്ടി പറഞ്ഞപ്പോൾ, രക്ഷകർത്താവ് വരട്ടെ എന്നുപറഞ്ഞ് നോക്കിയിരിക്കുന്നവർ...
ഇവിടെ കാറുണ്ടല്ലോ അതിൽ കുട്ടിയെ കൊണ്ടുപോയിക്കൂടെ എന്ന് ചോദിക്കുന്പോൾ ദേഷ്യപ്പെടുന്നവർ...
സഹപാഠിക്ക് എന്ത് പറ്റിയെന്ന് അന്വേഷിക്കുന്നവരെ വടിയെടുത്ത് ഓടിക്കുന്ന സ്‌കൂൾ.
ഇത്തരക്കാർ പഠിപ്പിക്കുന്ന സ്‌കൂളിൽ പഠിച്ചിട്ടും, ഉണ്ടായ കാര്യങ്ങൾ ആരും പറഞ്ഞുകൊടുക്കാതെ കാമറക്ക് മുൻപിൽ ആരെയും പേടിക്കാതെ പറയാൻ ധൈര്യമുള്ള ഒരു കൂട്ടം കുട്ടികൾ ആ സ്‌കൂളിൽ ഉണ്ടെന്നത് തന്നെയാണ് ആശ്വാസം.
രാവിലെ ചിരിച്ചു കളിച്ചു വീട്ടിൽ നിന്നും പോയ കുട്ടിയെ വൈകിട്ട് തളർന്നു കിടക്കുന്പോൾ എടുത്തുകൊണ്ടോടേണ്ടി വന്ന അന്ന ആ അച്ഛനെ ഓർത്തപ്പോൾ കരഞ്ഞുപോയി.
എന്തുകൊണ്ടാണ് കുട്ടിയെ കൊണ്ടുപോയ ആശുപത്രിയിൽ വേണ്ടത്ര രോഗനിർണ്ണയവും ചികിത്സയും കിട്ടാതിരുന്നത് എന്നതും എന്നെ അന്പരപ്പിക്കുന്നുണ്ട്.
നല്ല കളക്ടർ ഒക്കെയുള്ള ജില്ലയായതിനാൽ ശരിയായ അന്വേഷണം നടക്കുമെന്നും, ഇതിൽ നിന്നും എന്തെങ്കിലും പാഠങ്ങൾ നമ്മുടെ കുട്ടികൾക്ക് വേണ്ടി പഠിക്കുമെന്നും തന്നെയാണ് പ്രതീക്ഷ.
കുട്ടികളെ, നിങ്ങൾ അഭിമാനമാണ്.
അധ്യാപകർ സ്വന്തം മനസാക്ഷിയോട് ചോദിച്ചാൽ മതി.
മുരളി തുമ്മാരുകുടി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam