
പത്തനംതിട്ട: അർജുൻ ആയങ്കിയെ തേടി സിപിഎം ലോക്കൻ സെക്രട്ടറിയുടെ വീട്ടിൽ രാത്രിയിൽ പരിശോധന നടത്തി പൊലീസ്. പത്തനംതിട്ട മല്ലപ്പള്ളിയിലാണ് പരിശോധന നടന്നത്. സിപിഎം മല്ലപ്പള്ളി ഈസ്റ്റ് ലോക്കൽ സെക്രട്ടറി നിതിൻ കുമാറിൻ്റെ പാടിമൺ കാട്ടാമലയിലെ വീട്ടിലാണ് പരിശോധന നടന്നത്. തൊട്ടടുത്തുള്ള സിപിഎം പ്രവർത്തകരുടെ വീടുകളിലും പരിശോധന നടന്നു. അറസ്റ്റിലായ അർജുൻ ആയങ്കിയെക്കുറിച്ച് പൊലീസിന് വ്യക്തമായ സൂചന ഉണ്ടായിരുന്നില്ലെന്നാണ് മലപ്പള്ളിയിലെ പരിശോധന സൂചിപ്പിക്കുന്നത്.
പാടിമൺ ഭാഗത്ത് രാത്രി 12:15 മുതൽ ഒന്നര വരെയാണ് പരിശോധന നടന്നത്. കീഴ്‍വായ്പുർ, പെരുമ്പട്ടി, തിരുവല്ല പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥരും ആയങ്കിയെ പിടികൂടാനുള്ള പ്രത്യേക സ്ക്വാഡും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു. അർജുൻ ആയങ്കിയെ തേടിയാണ് എത്തിയതെന്ന് പൊലീസ് നാട്ടുകാരോട് പറഞ്ഞു.
മല്ലപ്പള്ളിയിൽ പരിശോധന നടന്ന് ഒരുമണിക്കൂറിന് ശേഷം കണ്ണൂർ നഗരത്തിലെ അപ്പാർട്ട്മെൻ്റിൽനിന്ന് പുലർച്ചെ രണ്ടരയോടെ ആണ് പൊലീസ് അർജുൻ ആയങ്കിയെ പിടികൂടിയത്. ഒളിവിലിരുന്ന് കേരള പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വെല്ലുവിളിച്ചതിന് പിന്നാലെ ആണ് നിരവധി കേസുകളിൽ പ്രതിയായ ആയങ്കിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓട്ടോ ഡ്രൈവർ പൊലീസിന് നൽകിയ വിവരമാണ് ആയങ്കിയെ പിടികൂടുന്നതിലേക്ക് നയിച്ചത്.
തളിപ്പറമ്പിലെ ലോഡ്ജിൽ ഒളിവിൽ കഴിഞ്ഞ അർജുൻ ആയങ്കി, പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമം നടത്തുകയായിരുന്നു. ഓട്ടോ ഡ്രൈവറിൽനിന്ന് മൊബൈൽ വാങ്ങി മറ്റൊരാളെ ബന്ധപ്പെട്ട ആയങ്കി, ഇയാളോട് കാറുമായെത്താൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് കാർ എത്തുകയും അർജുൻ ആയങ്കി കാറിൽ കയറിപ്പോകുകയുമായിരുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഉടൻതന്നെ കണ്ണൂർ റൂറൽ, സിറ്റി പൊലീസ് ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ കാർ കണ്ണൂർ ഭാഗത്തേക്കാണ് പോയതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് നഗരത്തിൽ ആയങ്കിയുടെ അഭിഭാഷകൻ താമസിക്കുന്ന അപ്പാർട്ട്മെൻ്റിൽ പ്രതി ഉണ്ടെന്ന് പൊലീസ് മനസ്സിലാക്കുകയും അപ്പാർട്ട്മെൻ്റ് വളഞ്ഞ് ആയങ്കിയെ പിടികൂടുകയുമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam