'പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുക്കാൻ ആലോചന

Published : Aug 27, 2025, 05:20 PM ISTUpdated : Aug 27, 2025, 05:32 PM IST
rahul mankoottathil

Synopsis

രാഹുൽമാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുക്കാൻ ആലോചന

തിരുവനന്തപുരം: യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കേസെടുക്കാൻ നീക്കം. പെൺകുട്ടികളെ പിന്തുടർന്ന് ശല്യപ്പെടുത്തിയതിനാണ് പൊലീസ് കേസെടുക്കുന്ന കാര്യം പരിഗണിക്കുന്നത്. പൊലീസിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന സജീവമാക്കിയത്. എംഎൽഎക്കെതിരെ നിരവധി ലൈം​ഗിക പീഡന ആരോപണങ്ങൾ ഉയർന്നുവെങ്കിലും നേരിട്ട് പരാതി ലഭിച്ചിരുന്നില്ല. എന്നാൽ ഓൺലൈൻ വഴി നിരവധി പെൺകുട്ടികളെ പിന്തുടർന്ന് ശല്യം ചെയ്തുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനുള്ള തീരുമാനം. കൊച്ചിയിലും തിരുവനന്തപുരത്തും ഇതുമൂലമുള്ള പരാതികൾ വിവിധ സ്ത്രീകൾ ഉന്നയിച്ചിരുന്നു. എന്നാൽ കേസ് ഏത് സ്റ്റേഷനിലായിരിക്കുമെന്ന് വ്യക്തമല്ല. 

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ സൈബർ പൊലീസാവും കേസെടുക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിലും ചാറ്റ് വഴി പെൺകുട്ടികളെ ശല്യപ്പെടുത്തിയെന്ന രീതിയിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പരാതി എത്തിയിരുന്നു. ഇക്കാര്യത്തിലുൾപ്പെടെ നിയമോപദേശം തേടിയിരിക്കുകയാണ് ഉയർന്ന പൊലീസുദ്യോ​ഗസ്ഥർ. എംഎൽഎക്കെതിരെ കേസെടുക്കാൻ കഴിയുമോ എന്നാണ് നിയമോപദേശം തേടുന്നത്. 

നേരത്തെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായി ഉയർന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. ഗർഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനൽ രീതി ആണ്. എത്രനാൾ രാഹുലിന് പിടിച്ച് നിൽക്കാൻ കഴിയുമെന്ന് അറിയില്ല. ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളിൽ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. ബാക്കി കാര്യങ്ങൾ സമൂഹം തീരുമാനിക്കേണ്ടതാണ്. അത്തരം കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പലരും രാഷ്ട്രീയ ജീവിതം നയിച്ചവരാണ്. രാഷ്ട്രീയ പ്രവർത്തനത്തിന് മാന്യതയും ധാർമ്മികതയും ഉണ്ട്. അത് നഷ്ടപ്പെടുന്നെന്ന മനോവ്യഥ കോൺഗ്രസിനകത്ത് ഉണ്ട്. തെറ്റായ നിലയിൽ പ്രമോട്ട് ചെയ്യാൻ ചിലർ ശ്രമിച്ചെന്ന വാദമുണ്ട്. പ്രതിപക്ഷ നേതാവ് പ്രകോപിതനായി എന്തെല്ലാമോ വിളിച്ച് പറയുകയാണ്. മുതിർന്ന നേതാക്കളുടെ വരെ അഭിപ്രായം കേട്ട് പ്രതികരിക്കണമായിരുന്നു. രാഷ്ട്രീയത്തിനും പൊതു പ്രവർത്തനത്തിനും അപമാനം ഉണ്ടാക്കുന്നവരെ സംരക്ഷിക്കുന്ന രീതി ഉണ്ടാകില്ല. രാഹുലിനെതിരായ ആരോപണത്തിൽ നിയമപരമായ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുവതികളുടെ ലൈം​ഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെക്കുകയും, കോൺഗ്രസ് രാഹുലിനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. അതേസമയം ലൈംഗിക പീഡന ആരോപണങ്ങളിൽ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. നേതൃത്വവുമായുള്ള ആശയ വിനിമയത്തിലാണ് ഇക്കാര്യം അറിയിച്ചത്. ആരോപണങ്ങൾക്ക് രാഹുൽ തന്നെ മറുപടി പറയട്ടെ എന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. 

PREV
Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: രണ്ടാമത്തെ കേസിൽ എ പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും
Malayalam News live: ഇന്ന് ഏഴാം ദിനം; ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി തുടരുന്നു, സർവീസുകൾ റദാക്കിയേക്കും