കോടിയേരിയെ അവഹേളിച്ച് വാട്ട്സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്; സസ്പെന്‍ഷന് പിന്നാലെ മാപ്പ് ചോദിച്ച് പൊലീസുകാരന്‍

By Web TeamFirst Published Oct 3, 2022, 12:29 AM IST
Highlights

സംസ്ഥാന പൊലീസിനെ അടിമുടി നവീകരിക്കാന്‍ മുൻകൈകയെടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും ഓർത്തെടുക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. 

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിച്ച് പോസ്റ്റിട്ടതിൽ മാപ്പ് ചോദിച്ച് പൊലീസുകാരന്‍. ഒരു സ്കൂളിന്‍റെ പിടിഎ ഗ്രൂപ്പില്‍ നടത്തിയ അവഹേളന പരാമര്‍ശത്തിന് എതിരെ പരാതി വന്നതിന് പിന്നാലെ മെഡിക്കൽ കൊളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ എഎസ്ഐ ഉറൂബിനെതിരെ നടപടി എടുത്തിരുന്നു. സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻകുമാര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് എഎസ്ഐ ഉറൂബ് ക്ഷമാപണം നടത്തിയത്.

സ്കൂള്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ട് 30 സെക്കൻ്റിനകം ചെയ്തത് തെറ്റെന്ന് മനസിലാക്കി  പോസ്റ്റ് പിൻവലിച്ചിരുന്നെന്ന വിശദീകരണത്തോടെയാണ് മാപ്പ് പറച്ചില്‍. കോടിയേരിയുടെ മരണവാർത്ത അറിഞ്ഞ ഉടൻ ആദരാഞ്ജലി അർപ്പിച്ചിട്ടുള്ള പോസ്റ്റ് ഷെയർ ചെയ്തിരുന്നു എന്നും ഉറൂബ് കൂട്ടിച്ചേര്‍ക്കുന്നു. കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിളിച്ചാണ് ഉറൂബ് അധിക്ഷേപകരമായ കുറിപ്പിട്ടത്. കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

നടപടിയാവശ്യവുമായി സിപിഎം പൊലീസ് സ്റ്റേഷനും ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉറൂബിനെതിരെ നടപടി എടുത്തത്. സംസ്ഥാന പൊലീസിനെ അടിമുടി നവീകരിക്കാന്‍ മുൻകൈകയെടുത്ത ആഭ്യന്തരമന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും ഓർത്തെടുക്കുമ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥൻ തന്നെ അധിക്ഷേപിച്ച് പോസ്റ്റിട്ടത്. പൊലീസും ജനങ്ങളും തമ്മിലുള്ള കാക്കിയുടെ അകലം കുറയ്ക്കാന്‍ ജനമൈത്രി പൊലീസിന് തുടക്കമിട്ടത് കോടിയേരി ആയിരുന്നു.

വിദ്യാര്‍ത്ഥി മാര്‍ച്ചുകള്‍ക്ക് നേരെ, നേരിട്ടുള്ള ലാത്തിച്ചാര്‍ജ്ജിന് പകരം ജലപീരങ്കിയുടെ പ്രയോഗവും പരിശോധനകളുടെ പലവഴിക്കായി ഹൈവേ പൊലീസ് പട്രോളിംഗിന് തുടക്കമിട്ടതും സംസ്ഥാനത്ത് പൊലീസിലേക്ക് ഏറ്റവും കൂടുതൽ പേരെ പിഎസ്‍സി വഴി നിയമിച്ചതും അദ്ദേഹം ആഭ്യന്തര മന്ത്രിയായ കാലത്തായിരുന്നു. അതേസമയം കോടിയേരി ബാലകൃഷ്ണനെ അപമാനിച്ചു ഫേസ്‌ബുക്കിൽ പോസ്റ്റിട്ട സംഭവത്തില്‍ സർക്കാർ ഉദ്യോഗസ്ഥനെതിരെ ശാസ്‌താംകോട്ട പൊലീസ് കേസെടുത്തു. ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക്  സന്തോഷ് രവീന്ദ്രൻ പിള്ളയ്ക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്. 

click me!