
കൊച്ചി: കൊച്ചിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് (rape case) അന്വേഷിക്കുന്നതിന് വിമാനടിക്കറ്റ് (flight ticket) കൈക്കൂലിയായി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വന്നേക്കും. അന്വേഷണ സംഘം വൈകാതെ റിപ്പോർട്ട് സമർപ്പിക്കും. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ പെൺകുട്ടിയുടെ കുടുംബം രൂക്ഷമായ പരാതി ഉന്നയിച്ചിരുന്നു. കൊച്ചിയിൽ താമസിക്കുന്ന യുപിക്കാരായ കുടുംബത്തിലെ 17കാരി കഴിഞ്ഞ ഓഗസ്റ്റിൽ ഓൺലൈനിലൂടെ പരിചയപ്പെട്ട യുവാവുമായി ദില്ലിയിലേക്ക് നാടുവിട്ടിരുന്നു. 14 കാരിയായ സഹോദരിക്കൊപ്പമായിരുന്നു യാത്ര. മക്കളെ കാണാതായതോടെ മാതാപിതാക്കൾ എറണാകുളം നോർത്ത് പൊലീസിൽ പരാതി നൽകി. കുട്ടികൾ ദില്ലിയിലുണ്ടെന്ന് അറിഞ്ഞിട്ടും കാര്യമായ അന്വേഷണമുണ്ടായില്ല.
തുടർന്ന് മൂന്ന് വിമാനടിക്കറ്റുകൾ എടുത്ത് നൽകിയ ശേഷമാണ് പൊലീസുകാർ ദില്ലിയിലേക്ക് പോയതെന്ന് കുടുംബം ആരോപിക്കുന്നു. ഈ ടിക്കറ്റുകൾ എടുക്കുന്നതിന് സമ്മർദ്ദം ചെലുത്തിയ ഉദ്യോഗസ്ഥനെതിരെയാണ് നടപടി വരുന്നത്.
കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ട് സഹോദരന്മാർ വീട്ടിൽ വച്ച് പല തവണ പീഡിപ്പിച്ചതായി 17 കാരി ദില്ലിയിൽ വൈദ്യപരിശോധന നടത്തിയ ഡോക്ടർക്ക് മൊഴി നൽകിയിരുന്നു. നിലവിൽ കൊച്ചിയിലെ ചിൽഡ്രൻസ് ഹോമില്‍ കഴിയുന്ന കുട്ടികൾ അന്വേഷണ സംഘത്തിന്‍റെ മൊഴിയെടുപ്പിലും സഹോദരന്മാർ പീഡിപ്പിച്ചിരുന്ന കാര്യം ആവർത്തിച്ചതായാണ് വിവരം. വീട്ടിലേക്ക് തിരിച്ച് പോകാൻ കുട്ടികൾ താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും സൂചനയുണ്ട്. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ ഇടപെട്ട കേസായതിനാൽ അന്വേഷണം പൂർത്തിയായ ശേഷമേ വിശദാംശങ്ങൾ വെളിപ്പെടുത്താനാകൂ എന്ന് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam