കെപിസിസി പുനഃസംഘടന; പട്ടികയിൽ സാമുദായിക അസന്തുലിതാവസ്ഥ, അതൃപ്തി അറിയിക്കാൻ രമേശും ഉമ്മൻചാണ്ടിയും

Web Desk   | Asianet News
Published : Oct 15, 2021, 04:42 PM ISTUpdated : Oct 15, 2021, 05:23 PM IST
കെപിസിസി  പുനഃസംഘടന; പട്ടികയിൽ സാമുദായിക അസന്തുലിതാവസ്ഥ, അതൃപ്തി അറിയിക്കാൻ രമേശും ഉമ്മൻചാണ്ടിയും

Synopsis

 എ ഐ സി സി ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ സി വേണുഗോപാൽ ഏകപക്ഷീയമായി പേരുകൾ നിർദ്ദേശിക്കുന്നു എന്നാണ് ഇരുവിഭാ​ഗത്തിന്റെയും പരാതി. കെപിസിസി ഭാരവാഹി പട്ടികയിൽ സാമുദായിക സന്തുലിതാവസ്ഥ ഇല്ലെന്നും ഇവർ പരാതി ഉന്നയിക്കുന്നു. 

തിരുവനന്തപുരം: കെപിസിസി (KPCC) പുനഃസംഘടനയില്‍ കെ സി വേണുഗോപാലിനെതിരെ (K C Venugopal) ഹൈക്കമാന്‍ഡിനെ അതൃപ്തിയറിയിക്കാന്‍  ഉമ്മന്‍ചാണ്ടിയും (Oommen Chandy)  രമേശ് ചെന്നിത്തലയും (Ramesh Chennithala)  തീരുമാനിച്ചു. പദവി ദുരുപയോഗം ചെയ്ത് പുനസംഘടനയില്‍ അനര്‍ഹമായ ഇടപെടല്‍ നടത്തുന്നുവെന്നാണ് ആക്ഷേപം. 

സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം  അന്തിമമായിരിക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും പുനഃസംഘടനയില്‍ കെ സി വേണുഗോപാല്‍  ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും ആക്ഷേപം.  ആലപ്പുഴയില്‍ കെപിസിസി അംഗമല്ലാത്തയാള്‍ക്ക് വേണ്ടി പോലും കെ സി വേണുഗോപാല്‍ വാദിക്കുന്നുവെന്നാണ്  ഇരുവരുടെയും പരാതി.  പുനഃസംഘടനയില്‍ സാമുദായിക സമവാക്യം പാലിക്കുന്നില്ലെന്ന ആക്ഷേപവും ഇരുവരും ഹൈക്കമാന്‍ഡിനെ അറിയിക്കും.  

പുനഃസംഘടനയില്‍ പരിഗണിക്കുന്നില്ലെന്നറിഞ്ഞതോടെയാണ് ഡി സുഗതന്‍, വി എസ് ശിവകുമാര്‍ തുടങ്ങിയ നേതാക്കള്‍ സമ്മര്‍ദ്ദവുമായി രംഗത്തെത്തിയത്. സുഗതനായി വെള്ളാപ്പള്ളി നടേശനും പിടിമുറുക്കിയതോടെ അനുനയത്തിനായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ തന്നെ രംഗത്തിറങ്ങി. ആലപ്പുഴയിലെ സുഗതന്‍റെ വീട്ടിലെത്തിയ കെ സുധാകരന്‍ പുനസംഘടനയില്‍ ട്രഷറര്‍ സ്ഥാനം വാഗ്ദാനം ചെയ്തെന്നാണ് വിവരം.  എന്നാല്‍ രാജി ഭീഷണി മുഴക്കിയ വി എസ് ശിവകുമാറിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നും തീരുമാനിച്ചു. പാര്‍ട്ടി വിടുമെന്ന പ്രചരണം വാസ്തവ വിരുദ്ധമാണെന്ന് ശിവകുമാര്‍ പ്രതികരിച്ചു. 

ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് പദവികളിലേക്ക് പരിഗണിച്ചിരുന്ന രമണി പി നായരെ ചില പരാതികളെ തുടര്‍ന്ന്  അവസാന വട്ട ചര്‍ച്ചകളില്‍ ഒഴിവാക്കിയെന്ന സൂചനയുമുണ്ട്. അതേ സമയം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍  സെക്രട്ടറി താരിഖ് അന്‍വറിന് നല്‍കിയ പട്ടികയില്‍ അടിക്കടി വെട്ടി തിരുത്തലുകള്‍ നടത്തുന്നതിനാല്‍ സോണിയ ഗാന്ധിക്ക്  ഇനിയും കൈമാറിയിട്ടില്ല. അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍  പ്രഖ്യാപനം നീളാനാണ് സാധ്യത.

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്