
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഓണപ്പൂക്കളം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് വിജേഷ് പങ്കുവെച്ച പോസ്റ്റ് മതസ്പർദ്ധ വളർത്തുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പോസ്റ്റ് വിവാദമായതോടെ വിജേഷ് മണിക്കൂറുകൾക്കകം നീക്കം ചെയ്തിരുന്നു. വിവാദ പോസ്റ്റ് സംബന്ധിച്ച് മുസ്ലിം യൂത്ത് ലീഗ് പൊലീസിൽ പരാതിപ്പെട്ടിരുന്നു. സേനയുടെ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് വിജേഷിനെതിരായ വകുപ്പുതല നടപടി.
ഒരു വിഭാഗത്തെ അധിക്ഷേപിക്കുന്ന തരത്തിൽ വിദ്വേഷ പരാമർശം നടത്തിയെന്നായിരുന്നു വിജേഷിനെതിരായ പരാതി. പഴയൊരു ദൃശ്യം വിജേഷ് കേരളത്തിൽ നിന്നുള്ളതെന്ന വ്യാജേന പോസ്റ്റ് ചെയ്ത് വിദ്വേഷ പരാമർശം നടത്തുകയായിരുന്നു. ഒരു സ്ത്രീ പൂക്കളം കാലു കൊണ്ട് തട്ടിത്തെറിപ്പിച്ചു എന്ന വിധത്തിലാണ് വർഗീയച്ചുവയുള്ളതും അവഹേളനപരവുമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ തൊടുപുഴ പൊലീസിലും ആഭ്യന്തര മന്ത്രിക്കും യൂത്ത് ലീഗ് നേതാവ് കെ എം നിഷാദ് പരാതി നൽകിയതിന് പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam