ചേന്തിയിൽ മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെതിരെ പൊലീസ് കേസെടുത്തു. ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു വാഹനം തടഞ്ഞത്
തിരുവനന്തപുരം: ചേന്തിയിൽ കോണ്‍ഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വച്ച് വി ഡി സതീശൻ സഞ്ചരിച്ച വാഹനം തടഞ്ഞത്. കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിയുടെ നേതൃത്വത്തിലായിരുന്നു വണ്ടി കൈകാണിച്ച് നിർത്തിയത്. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ശ്രീകാര്യം പൊലീസ് ആണ് കേസെടുത്തത്. ഡി സി സി അംഗം ചേന്തി അനിലിനെയടക്കം പ്രതിയാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യയമായി തടഞ്ഞുവെക്കൽ, അപമാര്യാദയായിപെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
സംഭവം ഇങ്ങനെ
ചേന്തിയിൽ ഇന്ന് വൈകുന്നേരം നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി സമയം നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻമാറിയിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിൻമാറിയത്. 7.30 നുള്ള ട്രെയിനിൽ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. ചേന്തിയിൽ വാഹനം തടഞ്ഞതോടെ പുറത്തിറങ്ങിയ വി ഡി സതീശൻ സംഘാടകരോട് സംസാരിച്ച ശേഷമാണ് കാറിൽ കയറി മുന്നോട്ടുപോയത്.
