മുഖ്യമന്ത്രി വി ഡി സതീശന്റെ വാഹനം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെതിരെ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം: ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി വി ഡി സതീശന്‍റെ സമ്മതിച്ചതാണെന്ന് ഡിസിസി അംഗം ചേന്തി അനിൽ. അവസാന നിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞു. ഇന്നലെ പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. എന്നാൽ ഉള്ളൂരിൽ കല്യാണ വീട്ടിൽ എത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോൾ അദ്ദേഹം പുറത്തിറങ്ങി. ക്ഷുഭിതനായാണ് മുഖ്യമന്ത്രി സംസാരിച്ചത്. സംഘാടകർക്കൊപ്പം ഉണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയും ചെയ്തെന്ന് ചേന്തി അനിൽ പറഞ്ഞു.
അതിനിടെ ചേന്തിയിൽ കോണ്‍ഗ്രസ് ജില്ലാ നേതാവ് സംഘടിപ്പിച്ച ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു നിർത്തിയ സംഭവത്തിൽ കേസെടുത്തിരിക്കുകയാണ് പൊലീസ്. ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വച്ച് വി ഡി സതീശൻ സഞ്ചരിച്ച വാഹനം തടഞ്ഞത്. കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്‍റെ നേതൃത്വത്തിലാണ് വണ്ടി കൈകാണിച്ച് നിർത്തിയത്. മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ശ്രീകാര്യം പൊലീസ് ആണ് കേസെടുത്തത്. ഡി സി സി അംഗം ചേന്തി അനിലിനെയടക്കം പ്രതിയാക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, അന്യായമായി തടഞ്ഞുവെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ചേന്തിയിൽ ഇന്ന് വൈകുന്നേരം നടന്ന പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി സമയം നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻമാറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിൻമാറിയതെന്നാണ് വിവരം. 7.30 നുള്ള ട്രെയിനിൽ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

