
കൊച്ചി : തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പ്രതിയായ കോഴിക്കോട് കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ പി ആർ സുനുവിന്റെ അറസ്റ്റ് ഇതുവരെയും രേഖപ്പെടുത്തിയില്ല. അറസ്റ്റിന് ഇപ്പോൾ കിട്ടിയ തെളിവുകൾ മതിയാകില്ലെന്ന നിലപാടിലാണ് പൊലീസ്. കൂടുതൽ തെളിവുകൾ ആവശ്യമാണെന്നും ഇതിനായി അന്വേഷണം നടക്കുകയുമാണെന്നുമാണ് കൊച്ചി കമ്മീഷണർ സി എച്ച് നാഗരാജുവിന്റെ വിശദീകരണം. കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടതായും പരാതിയുണ്ട്. ഇക്കാര്യത്തിലടക്കം അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള സിഐ സുനുവിന്റെ പശ്ചാത്തലം ശരിയല്ല. പ്രതി രക്ഷപ്പെടാതിരിക്കാനാണ് ഉടൻ കസ്റ്റഡിയിൽ എടുത്തതെന്നും കൊച്ചി കമ്മീഷണർ സി എച്ച് നാഗരാജു അറിയിച്ചു.
കോഴിക്കോട്ട് പോക്സോ കേസ് പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർ പൊലീസിന്റെ കസ്റ്റഡിയിലാണ്. കണ്ടാലറിയാവുന്ന രണ്ട് പ്രതികളെ പിടികൂടാനുണ്ട്. പരാതിക്കാരിയുടെ വീട്ടുജോലിക്കാരിയായിരുന്ന വിജയലക്ഷ്മിയാണ് കേസിലെ ഒന്നാം പ്രതി. വിജയലക്ഷ്മിയുടെ സുഹൃത്ത് രാജീവാണ് രണ്ടാം പ്രതി. സിഐ സുനു മൂന്നാം പ്രതിയാണ്. വിജയലക്ഷ്മിയുടെ സുഹൃത്തായ ക്ഷേത്ര ജീവനക്കാരൻ അഭിലാഷ് നാലാം പ്രതിയും പരാതിക്കാരിയുടെ ഭർത്താവിന്‍റെ സുഹൃത്തായ ശശി അഞ്ചാം പ്രതിയുമാണ്. പ്രതികൾ വിവിധ ഇടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് ഇരുപത്തിരണ്ടുകാരിയായ യുവതിയുടെ പരാതി.
സിഐ പി ആർ സുനു നേരത്തെ മറ്റൊരു ബലാത്സംഗ കേസിലും റിമാൻഡിലായ വ്യക്തിയാണ്. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റ് രണ്ട് കേസുകളും ഈ ഉദ്യോഗസ്ഥനെതിരെയുണ്ട്. കേസുകളിൽ വകുപ്പു തല നടപടി കഴിയും മുൻപാണ് വീണ്ടും സമാന കുറ്റകൃത്യത്തിൽ പ്രതിയാകുന്നത്. മുളവുകാട് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരിക്കെ 2021 ഫെബ്രുവരിയിലാണ് ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ സുനു പിടിയിലാകുന്നത്. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ യുവതിയുമായി അടുപ്പം സ്ഥാപിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു പരാതി. സെൻട്രൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി. റിമാൻഡിലായ സുനുവിനെതിരെ പിന്നീട് വകുപ്പു തല നടപടി ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam