Wayanad Drug Party : മയക്കുമരുന്ന് പാർട്ടി നടന്ന റിസോർട്ടിനെതിരെ കേസെടുത്തു, അന്വേഷണം ഗുണ്ടാനേതാക്കളിലേക്ക്

By Asianet MalayalamFirst Published Jan 12, 2022, 12:24 PM IST
Highlights

അതേസമയം ലഹരിമരുന്ന് പാർട്ടിയിൽ 16 പേർ പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ ഗുണ്ടാ നേതാക്കളിലേക്ക് നീങ്ങുകയാണ്.

മാനന്തവാടി: വയനാട്ടിൽ മയക്കുമരുന്ന് പാർട്ടി നടന്ന റിസോർട്ടിനെതിരെ കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് കേസ്. ഒത്തുകൂടിയത് ഗുണ്ടകളാണെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് റിസോർട്ട് നടത്തിപ്പുകാർ പറയുന്നത്. കൊച്ചിയിലെ പ്രധാന ക്വട്ടേഷൻ സംഘത്തലവൻ അടക്കം പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയതായി സൂചന. റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായവരുടെ ഫോൺ കോളുകളും വിശദമായി പരിശോധിക്കാനാണ് അന്വേഷണസംഘത്തിൻ്റെ തീരുമാനം.

അതേസമയം ലഹരിമരുന്ന് പാർട്ടിയിൽ 16 പേർ പിടിയിലായ സംഭവത്തിൽ അന്വേഷണം കൂടുതൽ ഗുണ്ടാ നേതാക്കളിലേക്ക് നീങ്ങുകയാണ്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘ തലവൻ ലഹരിമരുന്ന് പാർട്ടിയിൽ പങ്കെടുക്കാനായി വയനാട്ടിലേക്ക് എത്തിയതായി സൂചനയുണ്ട്. റിസോർട്ടിലെ സിസിടിവി ദൃശ്യങ്ങളും പിടിയിലായ പ്രതികളുടെ ഫോൺ കോൾ വിവരങ്ങളും പോലീസ് വിശദമായി പരിശോധിക്കും.

റിസോർട്ടിലെത്തിയ ലഹരിമരുന്നിൻ്റെ ഉറവിടവും കണ്ടെത്തേണ്ടതുണ്ട്‌. ഗോവയിലെ ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്സിൻ്റെ വിവാഹ വാർഷികം ആഘോഷിക്കാനാണ് ടി.പി വധകേസ് പ്രതി കിർമാണി മനോജടങ്ങുന്ന സംഘം റിസോർട്ടിൽ ഒത്തുകൂടിയത്. പോലീസ് റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടവരെ കുറിച്ചും  അന്വേഷിക്കുന്നുണ്ട്. ലഹരിമരുന്ന് പാർട്ടിക്ക് പിന്നിൽ മറ്റ് അജൻഡകൾ ഉണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. കേരളത്തിൽ സമീപകാലത്ത് നടന്ന ഗുണ്ടാ ആക്രമണ പരാതികളിൽ പിടിയിലായ പ്രതികൾക്ക് പങ്കുണ്ടോയെന്നും കണ്ടെത്തും. ലഹരിമരുന്ന് പാർട്ടിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ രാത്രികാല പട്രോളിങ്ങ് കർശനമാക്കാനാണ് ജില്ല പോലീസ് മേധാവിയുടെ നിർദേശം.
 

click me!