റാഗിംഗ്: മണ്ണാർക്കാട് കോളേജിൽ വിദ്യാർഥിയുടെ കർണ്ണപുടം അടിച്ചു തകർത്തു; എംഎസ്എഫ് പ്രവർത്തകർക്ക് എതിരെ കേസ്

By Web TeamFirst Published Jul 17, 2019, 11:55 PM IST
Highlights

ആക്രമണത്തിന് ഇരയായത് ഒന്നാം വർഷ വിദ്യാർഥിയും വുഷു താരവും കഴിഞ്ഞ ദേശീയ ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവുമായ ദിൽഷാദ്

പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കല്ലടി കോളേജിൽ ഒന്നാം വർഷ വിദ്യാർഥിക്കു നേരെ സീനിയർ വിദ്യാർഥികളുടെ റാഗിംഗ്. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ ചെവിയുടെ കർണ്ണപുടം തകർന്നു. ആക്രമണം നടത്തിയ എം എസ് എഫ് പ്രവർത്തകർക്കെതിരെ മണ്ണാർക്കാട് പോലീസ് കേസെടുത്തു.

ഒന്നാം വർഷ വിദ്യാർഥിയായ ദിൽഷാദാണ് റാഗിംഗിനിരയായത്. കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ മൂന്നാം വർഷ വിദ്യാർത്ഥികൾ ദിൽഷാദിനെ ആക്രമിക്കുകയായിരുന്നു. പത്തംഗ സംഘത്തിന്റെ മർദ്ദനത്തിൽ ദിൽഷാദിന്റെ ചെവിയുടെ കർണ്ണപുടം തകർന്നു. ദിൽഷാദിനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വുഷു താരമായ ദിൽഷാദ് കഴിഞ്ഞ തവണ ദേശീയ ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവാണ്. ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റതിനാൽ ഈയാഴ്ച നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് ദിൽഷാദ്. എംഎസ്എഫ് നേതാക്കൾ നേതൃത്വം നൽകുന്ന ഗ്യാംഗിന്റെ പേരിലാണ് റാഗിംഗ് നടത്തിയത്. എം എസ് എഫ് പ്രവർത്തകരായ മുഹമ്മദ് ഷിബിൽ, ഷനിൽ എന്നിവർക്കെതിരെയും കണ്ടാലറിയുന്ന നാല് പേർക്കെതിരെയുമാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്.

കഴിഞ്ഞ വർഷങ്ങളിൽ സമാനമായ രീതിയിൽ നടന്ന ആക്രമണങ്ങളിൽ ഒന്നാം വർഷ വിദ്യാർഥിയുടെ ചെവിയുടെ കർണ്ണപുടം പൊട്ടുകയും മറ്റൊരു വിദ്യാർഥിയുടെ കാഴ്ച ശക്തി നഷ്ടപ്പെടുകയും ചെയ്തിരുന്നു.

click me!