
മലപ്പുറം: നിലമ്പൂരിൽ സിപിഎമ്മിനെതിരെ വർഗീയ പ്രചാരണം നടത്തുന്നുവെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. എൽഡിഎഫ് മണ്ഡലം കമ്മിറ്റി കൺവീനറുടെ പരാതിയിലാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ് സംഹിതയിലെ 196, 171 വകുപ്പുകൾ പ്രകാരമാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് വാട്‌സ്ആപ്പ് വഴി വർഗീയ പ്രചാരണം നടത്തുന്നുവെന്നാണ് ഇടതുമുന്നണി നേതൃത്വത്തിൻ്റെ പരാതിയിൽ പറയുന്നത്.
മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്താൻ ശ്രമിച്ചു, തെരഞ്ഞെടുപ്പ് സ്വാധീനിക്കാൻ ശ്രമിച്ചു തുടങ്ങിയ ഭാരതീയ ന്യായ് സംഹിതയിലെ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഹിന്ദു മുസ്ലീം ചേരിതിരിവ് സൃഷ്ടിച്ച് മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവെന്നും നിലമ്പൂർ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ ഇകഴ്ത്തി അന്യായ സ്വാധീനം നേടുന്നതിന് ശ്രമിച്ചുവെന്നും എഫ്ഐആറിൽ കുറ്റപ്പെടുത്തുന്നു. എന്നാൽ എഫ്ഐആറിൽ ആരെയും പ്രതിചേർത്തിട്ടില്ല. പരാതിയിൽ വർഗീയ പ്രചാരണം നടത്താനുപയോഗിച്ച ഫോൺ നമ്പറും രേഖപ്പെടുത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam