
കൊച്ചി: കാലിക്കറ്റ് സർവകലാശാലയിൽ വേടൻ്റെ പാട്ട് പാഠ്യപദ്ധതിയിൽ ഉള്‍പ്പെടുത്തിയതിനെതിരായ ബിജെപി നേതാവിന്റെ പരാതിയോട് പ്രതികരിച്ച് റാപ്പർ വേടൻ. തന്റെ പാട്ട് പഠിപ്പിക്കണമെന്ന് താൻ ഒരിടത്തും പറഞ്ഞിട്ടില്ല. പാട്ട് പഠിപ്പിച്ചാലും ഇല്ലെങ്കിലും വിരോധമില്ല. തന്റെ ജോലി തുടരും. അത് നിർത്താൻ തീരുമാനിച്ചിട്ടില്ലെന്നും വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിലാണ് വേടന്റെ ' ഭൂമി ഞാൻ വാഴുന്നിടം' എന്ന പാട്ട് ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സനൊപ്പമാണ് വേടന്റെ പാട്ടും ഉൾപ്പെടുത്തിയത്. മൈക്കിൾ ജാക്സന്റെ ‘ദേ ഡോണ്ട് കെയർ എബൗട്ട് അസ്’ നൊപ്പം വേടന്റെ ‘ ഭൂമി ഞാൻ വാഴുന്നിടം’ എന്ന പാട്ടും താരതമ്യ പഠനത്തിനായിട്ടാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം നാലാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. ഇതിനെതിരെയാണ് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്. ബിജെപി സിൻഡിക്കേറ്റ് അംഗം എകെ അനുരാജാണ് വൈസ് ചാൻസിലർക്ക് പരാതി നൽകിയത്. വേടന്റെ പാട്ട് സിലബസിൽ നിന്ന് പിൻവലിക്കണമെന്നും ബിജെപി നേരാവ് ആവശ്യപ്പെട്ടു. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വേടൻ വരും തലമുറയ്ക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണെന്നും കത്തിൽ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam