
മലപ്പുറം: മലപ്പുറം കോട്ടക്കലിലെ പെൺകുട്ടി നേരിട്ടത് അതിക്രൂര പീഡനമെന്ന് എസ്.എച്ച്.ഒ വിനോദ് വലിയാറ്റൂർ ഏഷ്യാനെറ്റ് ന്യൂസിനോട്. ഭക്ഷണത്തിൽ രാസലഹരി കലർത്തി അടിമയാക്കിയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെങ്ങര സ്വദേശിയായ യുവാവ് വർഷങ്ങളോളം പീഡിപ്പിച്ചത്. 23കാരനായ അബ്ദുൾ ഗഫൂറിനെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രണയം നടിച്ചാണ് ലൈംഗികമായി പീഡിപ്പിച്ചത്. അബ്ദുൾ ഗഫൂർ എംഡിഎംഎ കേസിലും പ്രതിയാണ്.
''ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയം. സൗഹൃദം നടിച്ച് അടുത്ത് പരിചയപ്പെട്ടതിന് ശേഷം ഫുഡ് കഴിക്കാനായി കുട്ടിയെ വിളിച്ചു. ആ ഫുഡിൽ കുട്ടി അറിയാതെ എംഡിഎംഎ പോലുള്ള സിന്തറ്റിക് ഡ്രഗ്സ് കലർത്തി കൊടുത്തു. അങ്ങനെ കുട്ടിയോട് അടുപ്പം സ്ഥാപിച്ച ശേഷം ഇത്തരം ഫുഡ് ഇടയ്ക്ക് ഇടയ്ക്ക് നൽകി ലൈംഗിക കാര്യങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. പിന്നീട് വീട്ടുകാരുടെ ജാഗ്രതയോടെയുള്ള ഇടപെടലിനെ തുടർന്ന് മറ്റ് ചികിത്സകൾക്ക് ശേഷമാണ് കുട്ടി താൻ അകപ്പെട്ടിരിക്കുന്നത് കെണിയിലാണെന്ന് മനസിലാക്കുന്നതും പൊലീസിന്റെ സഹായം തേടുന്നതും.'' എസ്എച്ച്ഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2020 ൽ പെൺകുട്ടി പ്ലസ് വണ്ണിന് പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റഗ്രാം വഴി അബ്ദുൾ ഗഫൂറുമായി പരിചയത്തിലാകുന്നത്. ഇയാൾ ആഡംബര ജീവിതം നയിക്കുന്നയാളാണെന്ന തോന്നിപ്പിക്കുന്ന ഫോട്ടോകളാണ് പങ്കുവെച്ചിരുന്നത്. മറ്റ് വീടുകൾക്ക് മുന്നിൽ നിന്ന് സ്വന്തം വീടാണെന്ന് പ്രചരിപ്പിച്ചിരുന്നു. സമ്പന്നനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയുമായി അടുത്തത്. കൂടാതെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. കുട്ടിയുടെ ആഭരണങ്ങൾ വാങ്ങി വിൽക്കുകയും ചെയ്തിരുന്നു.
പെൺകുട്ടി ലഹരിക്ക് അടിമയാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്നാണ് വീട്ടുകാർ കുട്ടിയെ ചികിത്സയ്ക്ക് വിധേയയാക്കിയത്. കൗൺസിലിംഗ് കൊടുക്കുകയും ചെയ്തു. ലഹരിയിൽ നിന്ന് മുക്തി നേടിയതിന് ശേഷമാണ് താൻ എങ്ങനെയാണ് ലഹരിക്കടിമ ആയതെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് പൊലീസിനെ സമീപിക്കുന്നത്. അബ്ദുൾ ഗഫൂർ പരപ്പനങ്ങാടിയിൽ എംഡിഎംഎ കൈവശം വെച്ച കേസിലും പ്രതിയാണ്. പോക്സോ, കവർച്ച ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇയാളെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam